Wed. Jan 22nd, 2025

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കർഷക സംഘടനകൾ പ്രചാരണം നടത്തും. കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടർമാർക്കിടയിൽ ബിജെപിയുടെ ‘തനിനിറം’ തുറന്നുകാട്ടാൻ തീരുമാനിച്ചതെന്ന് കർഷക നേതാക്കൾ പറയുന്നു.

പൊലീസിനെ ഉപയോഗിച്ചും വ്യാജ പ്രചാരണങ്ങൾ നടത്തിയും സമരം അടിച്ചമർത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. 180ലേറെ കർഷകർ സമരത്തിനിടയിൽ രക്തസാക്ഷികളായി. സമരം അവസാനിക്കാത്തതില്‍ മനംനൊന്ത് ചിലർ ആത്മഹത്യ ചെയ്തു. കുടിവെള്ളം മുതൽ ഇൻ്റർനെറ്റ് വരെ സര്‍ക്കാരും പൊലീസും തടസപ്പെടുത്തി. സമര നേതാക്കൾക്കെതിരെ കേസെടുത്തു. സമരത്തെ പിന്തുണച്ചവർക്കെതിരെയും തീവ്രവാദ ബന്ധവും രാജ്യദ്രോഹവും ആരോപിച്ച് കേസെടുത്തു. ദിശ രവിയെയും നവദീപ് കൗറിനെയും പോലുള്ള പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.

ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് കർഷകരുടെ സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്നത്. ഇപ്പോൾ ഒരു ചർച്ചകൾക്കും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ. എല്ലാ ചർച്ചകളിലും കർഷക സംഘടനകൾ ആവശ്യപ്പെട്ടത് ഒന്നു മാത്രം- മൂന്ന് കാർഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കുക.

ഇപ്പോള്‍ ഡെൽഹിയിൽ മാത്രമല്ല, ഉത്തർപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും സമരം തുടരുകയാണ്. കർഷക സംഘടനകൾ വിളിച്ചു ചേർക്കുന്ന മഹാ പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് കർഷകർ പങ്കടുക്കുന്നു. വലിയൊരു വിഭാഗം ബിജെപി അനുഭാവികളും വോട്ടർമാരുമാണ്. ബിജെപിയുടെ അടിത്തറയിൽ തന്നെ വിള്ളൽ വീഴുന്നു.

പഞ്ചാബിലും ഹരിയാനയിലും ഡെൽഹിയിലും നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. കർഷക സമരം കാര്യമായി ബാധിക്കാത്ത ഗുജറാത്തിൽ മാത്രമാണ് അവർ പിടിച്ചു നിന്നത്. കർഷകസമരത്തിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന ബിജെപിയെ പരാജയപ്പെടുത്താൻ പ്രചാരണം നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി, കേരളം തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും അവർ പ്രചാരണം നടത്തും. മാർച്ച് 12ന് കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ പ്രചാരണം തുടങ്ങും. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണമെന്നാണ് കർഷക നേതാക്കൾ പറയുന്നത്.

മുദ്രാവാക്യം ഒന്നു മാത്രം ബിജെപിക്ക് വോട്ട് ചെയ്യരുത്. ആരെ ജയിപ്പിക്കണം എന്ന് അവര്‍ പറയില്ല. അത് ജനങ്ങൾക്ക് തീരുമാനിക്കാം. കർഷകരോട് കേന്ദ്ര സർക്കാർ അനീതിയാണ് കാട്ടുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ബിജെപി സർക്കാരിന് വോട്ടിൻ്റെയും സീറ്റുകളുടെയും ഭാഷ മാത്രമേ മനസിലാകൂ എന്നതിനാലാണ് തെരഞ്ഞെടുപ്പിലെ ഇടപെടലെന്ന് സംയുക്ത കർഷക മോർച്ച നേതാവ് യോഗേന്ദ്ര യാദവ് പറയുന്നു.

ഇതോടൊപ്പം സമരം വ്യാപിപ്പിക്കാനും  സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട്. സമരം 100 ദിവസം പൂർത്തിയാക്കുന്ന മാർച്ച് 6ന് കുണ്ഡലി- മനേസാർ- പാൽവാൾ എക്സ്പ്രസ് വേ ഉപരോധിക്കും. മാർച്ച് 15ന് തൊഴിലാളി യൂണിയനുകളുമായി ചേർന്ന് കോർപറേറ്റ് വൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും എതിരെ സമരം നടത്തും.

ഇത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയും സമരങ്ങളിലൂടെയും ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും നേരിടാനാണ് കർഷക സംഘടനകളുടെ നീക്കം. ഇത് അവരുടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ ബിജെപിക്കെതിരായ അതൃപ്തി മൂർഛിക്കാൻ കർഷകരുടെ പ്രചാരണം കാരണമാകും. പ്രത്യേകിച്ച് പെട്രോൾ, ഡീസൽ, പാചക വാതക വില വർധനയും രൂക്ഷമായ സാഹചര്യത്തിൽ.

നോട്ട് നിരോധനവും പൗരത്വ നിയമ ഭേദഗതിയും അപ്രതീക്ഷിത ലോക് ഡൗൺ മൂലം കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിലുണ്ടാക്കിയ അനിശ്ചിതത്വവും എല്ലാം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതികൂല ഘടകങ്ങളാകാം. ഇതിന് പുറമെ കർഷകരുടെ പ്രതിഷേധം വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയാൽ ബിജെപി വലിയ തിരിച്ചടി നേരിടേണ്ടി വരും.