ഖത്തര്‍:
ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ജിഇസിഎഫ്. ഖത്തറിനൊപ്പം ഇറാനും പശ്ചിമേഷ്യയിലെ വലിയ ഗ്യാസ് കയറ്റുമതി ശക്തിയായി വളരുമെന്നും ജിഇസിഎഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറം (ജിഇസിഎഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
നിലവിൽ ഖത്തർ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരാണ്. 2027 ഓടെ അതിന്‍റെ ദ്രവീകരണ ശേഷി 126 എംടിപിഎ (പ്രതിവർഷം ദശലക്ഷം ടൺ) ആയി ഉയർത്താനുള്ള പരിശ്രമത്തിലാണ് ഖത്തര്‍. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച എൽ എൻജി കയറ്റുമതിക്കാരായി ഖത്തർ സ്ഥാനം നിലനിർത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പശ്ചിമേഷ്യയിലെ പ്രകൃതിവാതക ഉല്പാദനത്തിന്‍റെ വളർച്ചയിൽ ഇറാനും ഗണ്യമായ സംഭാവന നൽകും.