Mon. Dec 23rd, 2024
ബംഗളൂരു:

വിജയ് ഹസാരെ ട്രോഫിയിൽ കേരള ബാറ്റ്‌സ്മാന്മാർ നടത്തിയ വെടിക്കെട്ടിൽ തരിപ്പണമായി ബിഹാർ. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ മറികടന്നു. 32 പന്തിൽ നിന്ന് 87 റൺസെടുത്ത ഓപണർ റോബിൻ ഉത്തപ്പ, 12 പന്തിൽ നിന്ന് 37 റൺസെടുത്ത വിഷ്ണു വിനോദ്, ഒമ്പത് പന്തിൽ നിന്ന് 24 റൺസടിച്ച സഞ്ജു സാംസൺ എന്നിവരാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

വിഷ്ണുവിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. പത്ത് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്. വിഷ്ണു വിനോദ് നാല് സിക്‌സറും രണ്ട് ബൗണ്ടറിയും നേടി. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

വിജയത്തോടെ കേരളം നോക്കൗട്ടിലെത്തി. എലീറ്റ് ഗ്രൂപ്പ് സിയിൽ 16 പോയിന്റുമായി കേരളമാണ് ഒന്നാമത്. കേരളത്തിനായി ഒരിക്കൽക്കൂടി തകർപ്പൻ പ്രകടനമാണ് പേസർ ശ്രീശാന്ത് പുറത്തെടുത്തത്. നാലു വിക്കറ്റ് വീഴ്ത്തി ശ്രീയുടെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്.

ഒമ്പത് ഓവറിൽ 30 റൺസ് വഴങ്ങിയാണ് ശ്രീയുടെ നേട്ടം. 9.4 ഓവർ ബാക്കി നിൽക്കെയാണ് ബിഹാർ ഓൾ ഔട്ടായത്.

By Divya