ദോഹ:
നാട്ടിലേക്ക് പോകാനായി വിമാനടിക്കറ്റ് എടുത്തവരിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ ടിക്കറ്റ് തുകയുടെ റീഫണ്ടിന് സമീപിക്കുമ്പോൾ ബജറ്റ് എയർലൈനുകൾ പാതി തുക പോലും മടക്കി നൽകുന്നില്ലെന്ന് പരാതി. നാട്ടിലെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് യാത്രാനുമതി.
പോസിറ്റീവ് സ്ഥിരീകരിക്കുന്നവർ പോകാൻ കഴിയാത്തതിനാൽ വിമാന ടിക്കറ്റ് തുക റീഫണ്ട് ചോദിക്കുമ്പോൾ ഇൻഡിഗോയിൽ നിന്നും ടിക്കറ്റിന്റെ പകുതി തുക പോലും മടക്കികിട്ടുന്നില്ലെന്ന പരാതി വ്യാപകമായി. ഇത്തരം അനുഭവമുണ്ടായ യാത്രക്കാരിൽ ചിലർ എയർപോർട്ട് അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. റീഫണ്ടിന് ശ്രമിക്കാതെ യാത്രാ തീയതിയിൽ മാറ്റം വരുത്തുന്നവരുമുണ്ട്.
കൊവിഡ് പോസിറ്റീവ് പരിശോധനാ രേഖകൂടി അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചാണ് ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെടുന്നത്.