സൗദി:
മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാർക്ക് യുഎസ് യാത്രാവിലക്കേർപ്പെടുത്തി. തെറ്റായ റിപ്പോർട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു.
2018 ഒക്ടോബർ 20നാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖശോഗി കൊല്ലപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും കിരീടാവകാശിയുടെ വിമർശകനുമായ ഖശോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്താൻ സൗദിയിൽ നിന്നെത്തിയ പ്രത്യേക സംഘം പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിൽ പിടിയിലായ 18ൽ അഞ്ച് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചിരുന്നു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഖശോഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാർക്കെതിരെ ഉപരോധവും വിസാ വിലക്കും ഏർപ്പെടുത്തി.