Wed. Nov 6th, 2024
വാഷിങ്ടണ്‍:

അധികാരമേറ്റതിൻ്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. 22 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ഇതെന്ന് പെന്റഗണ്‍ പറയുന്നു. ‘പ്രസിഡണ്ട് ജോ ബൈഡൻ്റെ നിര്‍ദേശ പ്രകാരം, വ്യാഴാഴ്ച വൈകിട്ട് യുഎസ് സേന കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു മേല്‍ വ്യോമാക്രമണം നടത്തി’ – എന്നാണ് ആക്രമണത്തെ കുറിച്ച് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയിറക്കിയത്.

അമേരിക്കയെയും സഖ്യകക്ഷികളെയും സംരക്ഷിക്കാനാണ് പ്രസിഡണ്ട് ബൈഡന്റെ നടപടിയെന്നും കിര്‍ബി അവകാശപ്പെട്ടു. ഖതൈബ് ഹിസ്ബുല്ല, ഖതൈബ് സയ്യിദ് അല്‍ ഷുഹദ തുടങ്ങിയ ഗ്രൂപ്പകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ക്ക് ശക്തമായ സന്ദേശം നല്‍കുക എന്ന രീതിയിലാണ് ആക്രമണം നടത്തിയത് എന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ല എന്നുമാണ് പെന്റഗണ്‍ നല്‍കുന്ന സൂചന.

ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍-സിറിയന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. സിറിയയുമായി ബന്ധപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ പാലിക്കാന്‍ ഇരുവരും അഭ്യര്‍ത്ഥിച്ചു. ആക്രമണത്തെ ഇറാന്‍ അപലപിച്ചിട്ടുണ്ട്.

അതിനിടെ, ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ, ഭരണമാറ്റം നടന്നെങ്കിലും ഇറാന് നേരെയുള്ള യുഎസ് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.

By Divya