Wed. Jan 22nd, 2025
ജോർദാൻ:

വാക്സിൻ വിതരണത്തിൻ്റെ കാര്യത്തിൽ ഏതൊരു രാജ്യവും മുൻഗണന നൽകുക സ്വാഭാവികമായും സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര അഭയാർഥികളുടെ സാന്നിധ്യമുള്ള രാജ്യങ്ങളാകുമ്പോഴോ? ആരെ ആദ്യം വാക്സിൻ നൽകി കൊവിഡിൽ നിന്ന് രക്ഷിക്കും? ഇക്കാര്യത്തിൽ സമ്പത്തും സൗകര്യങ്ങളും ഏറെയുള്ള മറ്റു പല യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങൾക്കും ഒരു മാതൃകയാവുകയാണ് മധ്യപൂർവേഷ്യ ജോർദാൻ എന്ന കുഞ്ഞുരാജ്യം.

ജോർദാൻ ഗവൺമെന്റിന് തങ്ങളുടെ രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്വന്തം പൗരന്മാർക്ക് നല്കാൻ വേണ്ട വാക്സിൻ സ്റ്റോക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടും, അവരുടെ ആദ്യത്തെ മുൻഗണനാ പട്ടികകളിൽ അവിടത്തെ സിറിയൻ അഭയാർഥികളുടെ പേരും കടന്നുവരുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായി വാക്സിൻ സ്വീകരിക്കാൻ ഭാഗ്യമുണ്ടായ അഭയാർത്ഥി, ജോർദാനിലെ ഒരു സാത്താറി സ്വദേശിയാണ്. 

ജോർദാനിലെ സാത്താറി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നത് 80,000-ലധികം പേരാണ്. യുദ്ധത്തെത്തുടർന്ന് സിറിയവിട്ടോടി ജോർദാന്റെ മണ്ണിൽ അഭയം തേടിയവരാണ് അവരിൽ ഭൂരിഭാഗവും. അവർ അവിടെ കഴിഞ്ഞു പോരുന്നത് മരുഭൂമിക്ക് നടുവിൽ സ്ഥാപിച്ചിട്ടുള്ളകണ്ടൈനർ വീടുകളിലും മറ്റുമാണ്.

അവരുടെ  ഈ ഗതികെട്ട ജീവിതം തന്നെയാണ് ഒരുപക്ഷെ, ശീതീകരിച്ച വാക്സിൻ ഡോസുകളുമായി അവരെ തേടിച്ചെല്ലാൻ ജോർദാൻ ആരോഗ്യവകുപ്പിന്റെ പ്രേരിപ്പിച്ചതും. ഈ ക്യാമ്പുകളിലെ മുതിർന്ന പൗരന്മാരെയും കൊവിഡ് ബാധിക്കാൻ സാധ്യത കൂടുതലുള്ളവരെയും എല്ലാം തന്നെ വാക്സിനേറ്റ് ചെയ്യാനുള്ള ദൃഢനിശ്ചയത്തിലാണ് ജോർദാൻ സർക്കാർ ഇപ്പോൾ.

By Divya