ചിക്കബല്ലാപുര:
കര്‍ണാടക ചിക്കബല്ലാപുരയിലെ ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. സ്വകാര്യവ്യക്തിയുടെ ക്വാറിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജലാറ്റിന്‍ സ്റ്റിക്ക് അശ്രദ്ധമായി കൈകാര്യം ചെയ്‌തതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സ്‌ഫോടനത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്‌ഫോടകവസ്‌തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.കെ സുധാകര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപെട്ടവരുടെ ശരീരങ്ങൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ചിതറിപ്പോയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിതമായി ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഫെബ്രുവരി ഏഴിന് ഈ ക്വാറിയുടെ പ്രവർത്തനം വിലക്കിയതാണെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന താക്കീതോടെയാണ് ക്വാറിയുടെ പ്രവർത്തനം തുടരാൻ അനുമതി നൽകിയത്.
കഴിഞ്ഞ മാസം സമാനരീതിയില്‍ ശിവമൊഗയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിക്കുകയും, പ്രദേശത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്‌തിരുന്നു.
https://www.youtube.com/watch?v=4eIQmeJlz8o