റിയാദ്:
സൗദി മധ്യപ്രവിശ്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ഒരാഴ്ചക്കിടെ റിയാദ്, ലൈല അഫ്ലാജ്, ഹുത്ത ബനീ തമീം, ശഖ്റ, സുൽഫിയ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 259 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഏതാനും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. തൊഴിൽ നിയമ ലംഘനങ്ങളും കോവിഡ് ചട്ട ലംഘനങ്ങളുമാണ് കണ്ടെത്തിയത്. 2,500ലേറെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്മെൻറുകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ജെൻറ്സ് ഷോപ്പുകൾ, സെറാമിക്, മാർബിൾ കടകൾ, ഫർണിചർ ഷോപ്പുകൾ, മിഠായിക്കടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ആരോഗ്യ മുൻകരുതലുകൾ ലംഘിച്ചതിന് 48 മണിക്കൂറിനിടെ റിയാദ് നഗരസഭ അടപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം 68 ശതമാനം തോതിൽ കുറഞ്ഞതായി നഗരസഭ അറിയിച്ചു. ഫെബ്രുവരി 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ അവസാനത്തെ രണ്ടു ദിവസത്തിനിടെ അടപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം ശ്രദ്ധേയമായ നിലയിൽ കുറഞ്ഞു. ഈ മാസം 13 മുതൽ 17 വരെയുള്ള അഞ്ചു ദിവസത്തിനിടെ അടപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചിരുന്നു. മുൻകരുതലുകൾ ലംഘിച്ചതിന് അടപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം ഫെബ്രുവരി 18ന് 63ഉം തൊട്ടടുത്ത
ദിവസം 47ഉം ആയി കുറഞ്ഞതായും റിയാദ് നഗരസഭ പറഞ്ഞു.