മാനന്തവാടി/ കാസർകോട്:
കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തില്‍നിന്നുള്ള യാത്രക്കാരെ കടത്തിവിടാനാകില്ലെന്ന നിലപാടില്‍ കര്‍ണാടക. തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കർണാടകയിലെ കുട്ട, കാസർകോട്ടെ തലപ്പാടി, മെനാല, ജാൽസൂർ, സാറട്ക്ക, പാണത്തൂർ, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും കൊവിഡില്ലാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ കർശനമാക്കുമെന്ന് കർണാടക വ്യക്തമാക്കി.
അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുകയും മറ്റു വഴികൾ ബാരിക്കേഡുകൾകൊണ്ട് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതുവഴി കർണാടകത്തിലേക്ക് പോകാൻ 72 മണിക്കൂറിനകം എടുത്ത ആർടിപിസി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണം. പ്രശ്നം പരിഹരിക്കാൻ കേരള-കർണാടക സർക്കാർതലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ച കേരളത്തില്‍നിന്നുള്ള ചരക്ക്, സ്വകാര്യ വാഹനങ്ങള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിൽ എത്തിയിരുന്നു. എന്നാൽ കോവിഡ് നെഗറ്റിവ് പരിശോധന ഫലമില്ലാത്തവരെ കടത്തിവിടാനാകില്ലെന്ന് കര്‍ണാടക പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും പറഞ്ഞു. ഇതോടെ ഇരുഭാഗത്തും നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി.