ജിദ്ദ:
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെത്തി. പൂർണമായും എൽഎൻജി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇത്രയും വലിയ കണ്ടെയ്നർ കപ്പൽ ആദ്യമായാണ് ജിദ്ദ തുറമുഖത്തെത്തുന്നത്. ഫ്രഞ്ച് ഷിപ്പിങ് ലൈനായ സിഎംഎ-സിജിഎമ്മിൻറെ ഉടമസ്ഥതയിലുള്ള ജാക്വസ് സാദ് എന്ന കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്. 23,000 കണ്ടെയ്നറുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കപ്പൽ സർവിസ് ആരംഭിച്ചത്. സിഎംഎ-സിജിഎം കമ്പനിയുമായി തുറമുഖ അതോറിറ്റി ഉണ്ടാക്കിയ സഹകരണ കരാറിൻറെ അടിസ്ഥാനത്തിലാണ് കപ്പൽ ജിദ്ദയിലെത്തിയത്. ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഈ ഭീമൻ കപ്പൽ എത്തുന്നത് ആഗോള സമുദ്ര ഗതാഗത ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് പോർട്ട് ജനറൽ അതോറിറ്റി പ്രസിഡൻറ് എൻജി സഅദ് ബിൻ അബ്ദുൽ അസീസ് അൽഖൽബ് പറഞ്ഞു.