മുംബൈ:
കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്.
‘ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നാണോ? നിങ്ങള്‍ അടുത്ത എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂ,’ ഉദ്ദവ് താക്കറെ പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ദ്ധനവ് കൊവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.