Sat. Nov 23rd, 2024
കാസര്‍കോഡ്:

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച കർണ്ണാടക സര്‍ക്കാരിൻ്റെ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി. കേരള-കർണ്ണാടക അതിര്‍ത്തി ഏകപക്ഷീയമായി അടച്ച നടപടിക്കെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കർണ്ണാടക സര്‍ക്കാരിനെ ന്യായീകരിച്ച് സുരേന്ദ്രന്‍ എത്തിയത്.

സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കർണ്ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആർടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ബസ്സ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു.

അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്. വയനാട് ബാവലി ചെക്ക് പോസ്റ്റിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കർണ്ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞു.

By Divya