അബുദാബി:
വിദേശികളുടെ പ്രവേശന വിലക്കു കുവൈത്ത് നീട്ടിയതോടെ യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ. പകുതിയോളം പേർ നാട്ടിലേക്കു തിരിക്കുമെന്നു പറഞ്ഞപ്പോൾ ശേഷിച്ചവർ പുതിയ അറിയിപ്പു വരുംവരെ കാത്തിരിക്കാനാണു തീരുമാനം. ലക്ഷത്തോളം രൂപ മുടക്കി യുഎഇയിലെത്തി ക്വാറന്റീൻ കഴിഞ്ഞ് ഇന്നലെ അതിർത്തി തുറക്കുന്നതും കാത്തിരിക്കവേ വന്ന പുതിയ തീരുമാനം ഇവരെ വിഷമത്തിലാക്കിയിരുന്നു.
പ്രവേശന വിലക്കിനു നിശ്ചിത കാലപരിധി വ്യക്തമാക്കാത്തതിനാൽ ദിവസേന 50 ദിർഹത്തിലേറെ മുടക്കി യുഎഇയിൽ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നു ചിലർ പറയുന്നു. ഇന്ത്യയിൽ നിന്നു നേരിട്ടു വിമാന സർവീസില്ലാത്തതിനാലാണ് യുഎഇയിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി പിസിആർ ടെസ്റ്റെടുത്ത് കുവൈത്തിലേക്കു പോയിരുന്നത്. ഇതിനകം ഒട്ടേറെ പേർ ഇങ്ങനെ കുവൈത്തിൽ എത്തുകയും ചെയ്തിരുന്നു.