Wed. Jan 22nd, 2025
ദുബായ്:

കൊവിഡ് വാക്സീൻ എടുത്ത ജീവനക്കാരുമായി എമിറേറ്റ്സ് എയർലൈൻസിൻ്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത് സർവീസ് നടത്തുന്ന എയർലൈനുകളിൽ നിന്നും സേവനം കൊണ്ട് വ്യത്യസ്തമാവുകയാണ് എമിറേറ്റ്സ് എയർലൈൻ.

ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അമേരിക്കയിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിലേക്ക് പറന്ന ഇകെ 2 15 വിമാനത്തിലെ ജീവനക്കാരെല്ലാം കൊവിഡ് വാക്സീൻ സ്വീകരിച്ചവരായിരുന്നു. മുഴുവൻ ജീവനക്കാരും പ്രതിരോധ മരുന്നെടുത്തവരെന്ന ഖ്യാതിയോടെയുള്ള ആദ്യ സർവീസ്.

വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടർ, യാത്ര സുരക്ഷ നടപടികളുടെ ഇടം, ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ വിശ്രമ ഹാളിലെ ജീവനക്കാർ, വിമാനത്തിലേക്കുള്ള നിർഗമന കവാടത്തിലെ ഉദ്യോഗസ്ഥർ, ഫ്ലയ്റ്റ് എഞ്ചിനീയർമാർ, പൈലറ്റുകൾ, ആകാശ സേവനത്തിനുള്ള കേബിൻ ക്രൂ, വിമാന ശുചീകരണ തൊഴിലാളികൾ, യാത്രക്കാരുടെ സാധനങ്ങളുടെ കയറ്റിറക്ക ജോലികൾ ചെയ്യുന്നവർ, എയർലൈൻസ് കാർഗോ ജീവനക്കാർ എന്നിവരെല്ലാം കോവിഡ് വാക്സീൻ സ്വീകരിച്ചവരാണ്.

എമിറേറ്റ്സ് ഗ്രൂപ്പ് ഒരു മാസത്തിലധികമായി പ്രതിരോധ വാക്സീൻ ജീവനക്കാർക്ക് നൽകുന്ന പദ്ധതി ആരംഭിച്ചിട്ടെന്ന് എമിറേറ്റ്സ് എയർലൈൻ ഓപ്പറേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആദിൽ അൽരിദ പറഞ്ഞു.

By Divya