Tue. Apr 23rd, 2024
തിരുവനന്തപുരം:

ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക.

കോർപറേഷൻ എംഡി എൻ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. ഇഎംസിസി കെഎസ്ഐഎൻസി ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്.

കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലുമുണ്ട്. പിആർഡി തയാറാക്കിയ ‘ഇനിയും മുന്നോട്ട്’ പരസ്യചിത്ര പരമ്പരയിലാണ് ഇതു നേട്ടമായി അവതരിപ്പിച്ചത്.

By Divya