ദോഹ:
സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ പൊതുസേവനങ്ങൾക്കുള്ള പോർട്ടലിൽ ലഭിക്കും. നാഷനൽ സ്റ്റുഡൻറ് ഇൻഫർമേഷൻ സിസ്റ്റം (എൻഎസ്െഎഎസ്) വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റുകൾ നൽകാനുള്ള സംവിധാനമാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. 2020-21 അധ്യയനവർഷത്തിൻ്റെ അവസാനത്തോടെ പുതിയ സേവനം ലഭ്യമാകും.
കുട്ടികളുടെ സ്കോർ രേഖപ്പെടുത്തപ്പെടുകയും അംഗീകാരം കിട്ടുകയും ചെയ്യുന്ന മുറക്കാണിത്. ഇതോടെ ഗ്രേഡ് ഒന്നുമുതൽ 12 വരെയുള്ള സ്വകാര്യസ്കൂൾ വിദ്യാർഥികൾക്ക് തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഈ സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ കഴിയും. നിലവിൽ എല്ല പ്രിൻസിപ്പൽമാർക്കും വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ എൻ എസ്ഐഎസ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾസ് ലൈസൻസിങ് വകുപ്പിൻ്റെതാണ് നിർദേശം. ഇതോടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ വിവിധ സർട്ടിഫിക്കറ്റുകൾ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി രക്ഷിതാക്കൾ സ്വന്തമായി യൂസർനെയിമും പാസ്വേഡും ഉണ്ടാക്കണം.