റിയാദ്:
സൗദിയുമായുള്ള വിഷയങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അല്ല, അദ്ദേഹത്തിന്റെ അച്ഛൻ സൽമാൻ രാജാവിനോടാണ് ചർച്ച ചെയ്യുക എന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചകൾ സജീവമാകുന്നു. സൽമാൻ രാജകുമാരനെ ഒതുക്കി നിർത്താനുള്ള ബൈഡന്റെ പദ്ധതികൾ വിജയം കാണില്ലെന്നാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകരും രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരും പറയുന്നത്.
മുഹമ്മദ് ബിൻ സൽമാനുമായി സംസാരിക്കാൻ തയ്യാറല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റിന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സൗദിയിലെ ബിസിനസുകാരനും രാജകുടുംബത്തിന്റെ ഭാഗവുമായ അൽ ഷിഹാബി പറയുന്നത്. സൽമാൻ രാജാവ് ഇപ്പോഴും കാര്യങ്ങൾ നോക്കുന്നുണ്ട്. പക്ഷേ അത് പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്.
ബോർഡിന്റെ ചെയർമാൻ അദ്ദേഹം തന്നെയാണ്. പക്ഷേ നിത്യേന നടക്കുന്ന കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെടാറില്ല. അതുകൊണ്ട് തന്നെ സാവകാശം സൽമാൻ രാജകുമാരനുമായി തന്നെ അവർക്ക് സംസാരിക്കേണ്ടി വരും, അൽ ഷിഹാബി പറഞ്ഞു.
യെമനിലെ യുദ്ധം, ഇറാനുമായുള്ള ആണവ കരാർ തുടങ്ങിയ വിഷയങ്ങളിൽ പുരോഗതികൾ ഉണ്ടാകണമെങ്കിൽ സൽമാൻ രാജകുമാരനുമായി തന്നെ സംസാരിക്കേണ്ടി വരുമെന്നാണ് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.