പാലക്കാട്:
കേരളം വിറങ്ങലിച്ച് നിന്ന അവിനാശി ദുരന്തത്തിന് ഒരു വർഷം തികയുന്ന ദിവസം പാലക്കാട്ടെ കഞ്ചിക്കോടിനെ ഞെട്ടിച്ച് ദേശീയപാതയിൽ സമാനമായി കണ്ടെയ്നർ ലോറി-ബസ് കൂട്ടിയിടിച്ച് അപകടം.
മലയാളികളായ 19 ബസ് യാത്രക്കാർ മരിച്ച അവിനാശി ദുരന്തത്തിന്‍റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ തന്നെയായിരുന്നു അപകടം. റോഡിൽ തലകീഴായി മറിഞ്ഞ് വേർപെട്ട് തെറിച്ച ലോറിയുടെ കാബിനും കണ്ടെയ്നറും എതിർവശത്തെ ട്രാക്കിലൂടെ വന്ന് രണ്ട് ബസ്സുകളിലാണ് ഇടിച്ചത്.
ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർ ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വാളയാർ-മണ്ണുത്തി ദേശീയപാതയിൽ കഞ്ചിക്കോട് അസ്സീസി സ്കൂളിന് സമീപം കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡറിൽ കയറുകയും നടുറോഡിൽ തലകീഴായി മറിയുകയുമായിരുന്നു. റോഡ് ഡിവൈഡറിന് മുകളിലൂടെ തെറിച്ചുവീണ ലോറിയുടെ കാബിൻ പൂർണമായും കണ്ടെയ്നറിന്റെ ഒരു ഭാഗവും എതിർവശത്തെ ട്രാക്കിലെത്തി.
ഇതേസമയത്തുതന്നെ എതിർവശത്തെ ട്രാക്കിലൂടെ കോയമ്പത്തൂർഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്,ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഗ്രീൻലൈൻ ട്രാവൽസിന്റെ സ്വകാര്യബസ് എന്നിവയ്ക്ക് മുന്നിലേക്കാണ് ലോറിയുടെ കാബിൻ വീണത്.
സംഭവത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസ് പാലക്കാട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ നരേന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ബസ്സുകളിലെ പതിനഞ്ച് യാത്രക്കാർക്ക് നിസ്സാരപരിക്കുണ്ട്.
ലോറിഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാളയാർ പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=2ZMqq9ENGbU