ടെൽഅവീവ്:
കൊവിഡിനെതിരെ ജനസംഖ്യാനുപാതമായി ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രയേൽ. 93 ലക്ഷം ജനസംഖ്യയിൽ ഇതുവരെ 43 ശതമാനത്തിലേറെ പേർ വാക്‌സിൻ ഡോസ് സ്വീകരിച്ചു എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതിനായി നിരവധി വാക്‌സിൻ ക്ലിനിക്കുകളാണ് രാജ്യത്തുടനീളം ആരംഭിച്ചിട്ടുള്ളത്.
എങ്ങനെയെങ്കിലും വാക്‌സിൻ കുത്തിവയ്ക്കുക എന്ന ലക്ഷ്യവുമായി വിവിധ പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തു. ഡോസ് കുത്തിവച്ചാൽ സൗജന്യ ബിയർ നല്കാം എന്നു വരെ ചിലയിടങ്ങളിൽ വാഗ്ദാനമുണ്ട്.
ടെൽ അവീവ് മുനിസിപ്പാലിറ്റിയാണ് നഗരത്തിലെ ജെനിയ ഗ്യാസ്‌ട്രോ പബ്ബുമായി ചേർന്ന് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. വാക്‌സിനെടുത്താൽ ഒരു മദ്യം കഴിച്ചു പോകാം എന്നതായിരുന്നു വാഗ്ദാനം. ബാറിൽ വാക്‌സിനെടുക്കാനുള്ളവരുടെ നീണ്ട നിരയായിരുന്നു എന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.