ജിദ്ദ:
കൊവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടൻ്റെ ആസ്ട്രാസെനക വാക്സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ ഉപയോഗിക്കുന്നതിനും ഇറക്കുമതിക്കും അംഗീകാരത്തിനും നൽകിയ ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്.
വാക്സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന് ശാസ്ത്രീയ സംവിധാനമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ പഠനവിധേയമാക്കുന്നുണ്ട്.
ചില വാക്സിനുകൾ ഇപ്പോഴും ക്ലിനിക്കൽ പഠനത്തിൻ്റെ ഘട്ടത്തിലാണ്. അവയുടെ ഡേറ്റ പൂർത്തിയായിട്ടില്ല. അതോറിറ്റിയുടെ സംവിധാനം വാക്സിനുകൾ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള ക്രിയ വേഗത്തിലാക്കുന്നു. ഏതെങ്കിലും വാക്സിന് അംഗീകാരം നൽകിയാൽ അത് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും അതോറിറ്റി പറഞ്ഞു.