Mon. Dec 23rd, 2024
തിരുവനന്തപുരം:

സർക്കാർ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് സമരം തുടരാൻ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ തീരുമാനിച്ചു. നിയമനശുപാർശ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഉദ്യോഗാർത്ഥികളിൽ കൂടുതൽ പേർ സമരത്തിനെത്തി. സ്ഥിരനിയമനം തേടി ആശാ വർക്കർമാരും രംഗത്തെത്തിയതോടെ സെക്രട്ടേറിയറ്റിനു മുൻവശമാകെ സമരത്തെരുവായി.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെങ്കിലും ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർത്ഥികൾ യോഗ തീരുമാനങ്ങളറിഞ്ഞു നിരാശരായി. വിദ്യാർത്ഥികൾ കുറവായതിനാൽ അംഗീകാരവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട എയ്ഡഡ് പ്രൈമറി സ്കൂൾ അധ്യാപകരുടെ ശയന പ്രദക്ഷിണമായിരുന്നു ഇന്നലെ സമരവേദിയിലെ ദയനീയ കാഴ്ച. പൊരിവെയിലത്തു റോഡിൽ ഉരുണ്ട അധ്യാപികമാരെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.

സമരം കെപിസിസി ഏറ്റെടുക്കാൻ ആലോചിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾക്കു പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപ്പന്തലിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിനു മുന്നിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.

By Divya