പട്ന:
ബിഹാർ തലസ്ഥാനമായ പട്നയിലെ സ്കൂളിൽ അഞ്ചാംതരം വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത പ്രിൻസിപ്പലിന് വധശിക്ഷയും കൂട്ടുപ്രതിയായ അധ്യാപകന് ജീവപര്യന്തവും ശിക്ഷ വിധിച്ച് പോക്സോ കോടതി. ഇതിനുപുറമെ പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് ലക്ഷം രൂപയും അധ്യാപകൻ അഭിഷേക് കുമാറിന് 50,000 രൂപയും പിഴയും ചുമത്തി. ‘അതിക്രൂരമായ കൃത്യം’ എന്നും ‘അപൂർവങ്ങളിൽ അപൂർവ’മെന്നുമാണ് ജഡ്ജി ഇതിനെ വിശേഷിപ്പിച്ചത്.
പ്രത്യേക പോക്സോ ജഡ്ജി അവ്ദേശ് കുമാറാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നഗരത്തിലെ ഫുൽവാരി ഷരീഫ് എന്ന സ്ഥലത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. 11 വയസ്സുമാത്രമുള്ള ഇര ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ 2018 സെപ്റ്റംബറിലാണ് ക്രൂരത പുറംലോകം അറിഞ്ഞത്.
നിരന്തരം അസ്വസ്ഥത കാണിച്ച ബാലികയെ മാതാപിതാക്കൾ ഡോക്ടറെ കാണിക്കുകയായിരുന്നു. മാതാപിതാക്കൾ നിർബന്ധിച്ചപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. ഇവരുടെ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പിന്നീട് സർക്കാർ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയയാക്കി.