Wed. Nov 6th, 2024
MJ Akbar and Priya Ramani

ന്യൂഡല്‍ഹി:

മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളി. ഡല്‍ഹി കട്കട് ഡൂമ കോടതിയാണ് മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്ക് എതിരായ കേസ് തള്ളിയത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് സുപ്രധാനമായ  വിധി പ്രസ്താവിച്ചത്.

പരാതി ഉന്നയിക്കാൻ വർഷങ്ങൾക്കു ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്.

ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. രാമായണത്തിൽ സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണം എന്നും സമൂഹത്തിൽ അതികീർത്തിയുള്ള വ്യക്തിയായിരുന്നു അക്ബർ എന്ന് കരുതുന്നില്ലെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.

1990 കാലഘട്ടം മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു വെളിപ്പെടുത്തിയത്. 2018 ല്‍ മീടൂ ക്യാമ്പെയിനിന്‍റെ ഭാഗമായായിരുന്നു വെളിപ്പെടുത്തല്‍.

പിന്നാലെ ഇരുപതോളം സ്ത്രീകളും മാധ്യമ എഡിറ്ററായിരിക്കെ ഇത്തരത്തില്‍ മോശം അനുഭവം എംജെ അക്ബറില്‍ നിന്ന്  നേരിട്ടുവെന്ന് ചൂണ്ടികാട്ടി രംഗത്തെത്തി. മീടൂ ആരോപണം വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവെയ്ക്കേണിട വരികയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രിയ രമണിക്കെതിരെ അദ്ദേഹം ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്.

https://www.youtube.com/watch?v=GAsAUZorPf0

 

By Binsha Das

Digital Journalist at Woke Malayalam