Thu. Mar 28th, 2024
തിരുവനന്തപുരം:

തലസ്ഥാനത്തെ ടെന്നിസ് ക്ലബ്ബിൻ്റെ പാട്ടക്കുടിശ്ശികയുടെ പേരിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം. ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിൻ്റെ കുടിശ്ശിക ചീഫ് സെക്രട്ടറി കുറച്ചുകൊടുത്തതെന്നും, താൻ പോലും കാണാതെ ഈ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്തെന്നും രൂക്ഷമായി വിമർശനക്കുറിപ്പെഴുതിയ ഫയലിൻ്റെ പകർപ്പ് കിട്ടി. മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായിട്ടാണ് ടെന്നിസ് ക്ലബ്ബിന് പാട്ടം പുതുക്കി നൽകിയതെന്നും, ടെന്നിസ് ക്ലബ്ബിൻ്റെ ഭൂമി ഏറ്റെടുക്കാനുള്ള ശുപാർശയിൽ ചീഫ് സെക്രട്ടറി മാറ്റം വരുത്തി, ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന് എഴുതിയെന്നും, ഇത് താനറിഞ്ഞില്ലെന്നും, ഇ ചന്ദ്രശേഖരൻ ഫയലിൽ എഴുതിയിട്ടുണ്ട്.

ഇതോടെ റവന്യൂമന്ത്രിയുടെ കടുത്ത എതിർപ്പിനിടെയാണ് പാട്ടക്കുടിശ്ശിക വരുത്തുകയും പാട്ടക്കരാർ ലംഘിക്കുകയും ചെയ്ത ടെന്നിസ് ക്ലബ് ഏറ്റെടുക്കാനുള്ള ഫയൽ ചീഫ് സെക്രട്ടറി കൈകാര്യം ചെയ്തതെന്ന് വ്യക്തമായി. ക്ലബ് ഏറ്റെടുക്കണമെന്നതായിരുന്നു സർക്കാർ നിലപാട്. ഇതനുസരിച്ച് ഫയൽ തയ്യാറാക്കി റവന്യൂവകുപ്പ് മന്ത്രിസഭായോഗത്തിൻ്റെ
പരിഗണനയ്ക്ക് അയക്കുകയും ചെയ്തതാണ്.

By Divya