മസ്കറ്റ്:
തൊഴിൽ തർക്കങ്ങളിലെ പരിഹാരം വേഗത്തിലാക്കുന്നതിനായി ഒമാൻ മൊബൈൽ ലേബർ കോടതികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് സുപ്രീം കോടതി പ്രസിഡൻറും ജുഡീഷ്യറി അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് കൗൺസിൽ ചെയർമാനും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഖലീഫ ബിൻ സഈദ് അൽ ബുസൈദി പറഞ്ഞു. മൊബൈൽ കോടതികൾ വരുന്നതോടെ തൊഴിൽ തർക്കങ്ങളിൽ വിധിയും അതിൻ്റെ നടത്തിപ്പും വേഗത്തിലാക്കാൻ സാധിക്കും.
ഒമാനിലെ നിയമ വ്യവഹാര അന്തരീക്ഷവും ബിസിനസ് സാഹചര്യവും മെച്ചപ്പെടുത്തുന്നതിനായി ജുഡീഷ്യറി അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് കൗൺസിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്ത് പദ്ധതികളിൽ ഒന്നാണ് മൊബൈൽ കോടതിയെന്നും ഡോ ഖലീഫ അൽ ബുസൈദി പറഞ്ഞു.