ജിദ്ദ:
കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരുടെ എണ്ണത്തിൽ ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ഞായറാഴ്ച വരെ സൗദിയിൽ കൊവിഡ് മുക്തമായവരുടെ അനുപാതം 97.7 ശതമാനമായതായി ഗൾഫ് ആരോഗ്യ കൗൺസിൽ ട്വിറ്ററിലൂടെ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. 97.5 ശതമാനവുമായി യുഎഇ ആണ് തൊട്ടടുത്ത സ്ഥാനത്ത്.
ഖത്തറിൽ 94.3 ശതമാനവും ഒമാനിൽ 94 ശതമാനവും കുവൈത്തിൽ 93.4 ശതമാനവും ബഹ്റൈനിൽ 93.2 ശതമാനവും രോഗമുക്തരായിട്ടുണ്ട്.സൗദിയിൽ പുതിയ കൊവിഡ് കേസ് 314 ആണ്. മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 3,73,046 ഉം സുഖം പ്രാപിച്ചവരുടെ എണ്ണം 3,63,926 ആണെന്ന് തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം യൂനിവേഴ്സിറ്റികൾ നടത്തിയ കൊവിഡ് ഗവേഷണ പ്രസിദ്ധീകരണ ശ്രമങ്ങളിലും സൗദി അറേബ്യ തന്നെയാണ് മുന്നിൽ. ആഗോളതലത്തിലും ഏറെ മുന്നിൽ നിൽക്കുന്നു. അറബ് ലോകത്ത് ഒന്നാം സ്ഥാനമുണ്ട്. സയൻസ് നെറ്റ് വർക്ക് ഡാറ്റാബേസ് അനുസരിച്ച് ആഗോളതലത്തിൽ നേരത്തെയുണ്ടായിരുന്ന 17ാം സ്ഥാനം 14ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.