കുവൈത്ത് സിറ്റി:
അടുത്ത മധ്യവേനൽ മുന്നിൽക്കണ്ടുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ജല- വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. ജല- വൈദ്യുതി മന്ത്രി മുഹമ്മദ് അൽ ഫാരിസിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിയും വേനൽക്കാല പദ്ധതികളും വിലയിരുത്തി. കൊവിഡ് പ്രതിസന്ധി കൂടി മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണ് അധികൃതർ ആവിഷ്കരിച്ചിട്ടുള്ളത്.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വിധം ജോലി ക്രമീകരിക്കും.അറ്റകുറ്റപ്പണിക്ക് മുടക്കം വരാതിരിക്കാനും വൈദ്യുതി വിതരണത്തെ ബാധിക്കാതിരിക്കാനും നടപടി സ്വീകരിക്കും. ഭൂമിക്കടിയിലെ കേടുവന്ന വൈദ്യുതി വിതരണ കേബിളുകൾ മാറ്റിസ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് സാധാരണഗതിയിൽ മേയ് മാസത്തോടെയാണ് രാജ്യത്ത് വൈദ്യുതി ഉപയോഗം കൂടാറ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഈ പ്രതിഭാസം കൂടിക്കൊണ്ടിക്കും. പുതിയ ചില പദ്ധതികൾ വഴിയുള്ള ഉല്പാദനം കൂടിയതിനാൽ ഈ വർഷവും രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശ്വാസം.
മന്ത്രാലയത്തിൻറെ നടപടികൾക്കൊപ്പം മിതവ്യയത്തിലൂടെ ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ ഈ വരാനിരിക്കുന്ന മധ്യവേനലും പ്രതിസന്ധിയില്ലാതെ മറികടക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.