ദോഹ:
മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായി ഖത്തറും സൗദിയുമായി കര അതിർത്തി വഴിയുള്ള ചരക്കുനീക്കം ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നു. അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദിയുമായുള്ള ഖത്തറിൻറെ അതിർത്തിയും ഖത്തറിൻറെ ഏക കര അതിർത്തിയുമാണ് അബൂസംറ.
മൂന്നര വർഷത്തെ ഖത്തർ ഉപരോധം നീക്കി കഴിഞ്ഞ ജിസിസി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് അതിർത്തി തുറന്നത്. വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യത്തെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിൻറെ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപര ബന്ധവും ഊഷ്മളമാകുന്നത് ഇരുരാജ്യത്തിനും നേട്ടമാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും പുതിയസാഹചര്യം നേട്ടമാകും.