ജിദ്ദ:
സൗദി അറേബ്യയിലെ മുഴുവൻ ബാങ്കുകൾക്കിടയിലും പണം അതിവേഗം കൈമാറ്റം ചെയ്യാനുള്ള സംവിധാനം ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരും. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ 24 മണിക്കൂറിനുള്ളിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമാണ് പ്രാബല്യത്തിൽ വരുന്നതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട സംവിധാന സൗകര്യങ്ങളും സജീവമാക്കുന്നതിനായി ആരംഭിച്ച ആദ്യ ഘട്ട ട്രയൽ വിജയകരമായി പൂർത്തിയാക്കി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കുമിടയിൽ 24 മണിക്കൂറിനുള്ളിലും ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും തത്ക്ഷണം പണം കൈമാറ്റം ചെയ്യൽ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.