Thu. Dec 19th, 2024
യുനൈറ്റഡ്‌നേഷന്‍സ്:

അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ 34കാരിയും രംഗത്ത്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കുന്നത്. 2022ലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ അടുത്ത ടേം ആരംഭിക്കുന്നത്.

ഈ മാസം പ്രചാരണം ആരംഭിക്കുമെന്നും അറോറ വ്യക്തമാക്കി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയും അറോറ പുറത്തുവിട്ടു.75 വര്‍ഷമായി യുഎന്‍ അഭയാര്‍ത്ഥികളുടേതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്ന യുഎന്‍ നമുക്ക് അര്‍ഹതപ്പെട്ടതാണെന്നും അറോറ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് 71 കാരനായ അന്റോണിയോ ഗുട്ടറസ് രണ്ടാമതും മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. 2021 ഡിസംബര്‍ 31ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ് പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുക്കുക. യുഎന്നിന്റെ ചരിത്രത്തില്‍ ഇതുവരെ വനിതാ സെക്രട്ടറി ജനറല്‍ ഉണ്ടായിട്ടില്ല.

അതേസമയം, അറോറ ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യുഎന്‍ വക്താവ് അറിയിച്ചു. യുഎന്‍ വെബ്‌സൈറ്റ് അനുസരിച്ച് യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസില്‍ അറോറ ബിരുദം നേടിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

By Divya