Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്ഥാനാര്‍ത്ഥികളെത്തും മുന്‍പേ നേമത്ത് സിപിഎം ബിജെപി പോര് മുറുകി. മണ്ഡലത്തിന്റെ വികസനം സിപിഎം തടഞ്ഞെന്ന് ആരോപിച്ച് എംഎല്‍എ രാജഗോപാലിന്റെ  നേതൃത്വത്തില്‍ സമരം തുടങ്ങിയതോടെയാണ് വാക്പോരിന് തുടക്കമായത്. വികസനത്തില്‍ നേമം വട്ടപ്പൂജ്യമെന്ന മറുപടിയുമായി സിപിഎമ്മുമെത്തി.

ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം,കുമ്മനത്തിന്റെ ഗുജറാത്ത് പരാമര്‍ശം,തുടക്കം മുതലെ ചര്‍ച്ചയില്‍ നിറയുന്ന ബിജെപിയുടെ ഏക മണ്ഡലത്തില്‍ ഇപ്പോള്‍ പോര് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേറാണ്.  മണ്ഡലത്തില്‍ വികസനമില്ലെന്ന് ആരോപിച്ച് ഭരണത്തിന്റെ അവസാനനാളുകളില്‍ സ്ഥലം എംഎല്‍എ തന്നെ സത്യഗ്രഹം കിടന്നതാണ് പുതിയ കാഴ്ച. തയാറാക്കിയ വികസന പദ്ധതിയെല്ലാം സിപിഎം, ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് ആരോപണം. അട്ടിമറിക്ക് പിന്നില്‍ വീണ്ടും മല്‍സരിക്കാനൊരുങ്ങുന്ന മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയാണെന്നും ആരോപിക്കുന്നു

ഉദ്ഘാടനം കഴിഞ്ഞിട്ടും തിരുമല വില്ലേജ് ഓഫീസ് തുറക്കാത്തതും തിരുമല തൃക്കണ്ണാപുരം റോഡ് വികസിപ്പിക്കാത്തതുമൊക്കെയാണ് ആരോപണകാരണം. എന്നാല്‍ മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നുള്ള ജാള്യം മറയ്ക്കാനുള്ള നാടകമെന്നാണ് സിപിഎം മറുപടി. ജാതിമത സമവാക്യങ്ങളടക്കം ഓരോ വോട്ടും നിര്‍ണായകമായ മണ്ഡലത്തില്‍ തുടക്കത്തില്‍ തന്നെ വികസനം ചര്‍ച്ചയാകുന്നതും ശ്രദ്ധേയമാണ്

By Divya