Wed. Jan 22nd, 2025
തിരുവനന്തപുരം:

സെക്രട്ടേറിയേറ്റിന് മുന്നിൽ 17 ദിവസമായി സമരം നടത്തിവരുന്ന ഉദ്യോഗാർത്ഥികളെ അനുനയിപ്പിക്കാൻ ഡിവൈഎഫ്ഐ. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

ഇതിന് സംസ്ഥാന സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്ന് റഹീമിനോട് സമരക്കാർ ആവശ്യപ്പെട്ടു. ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കാമെന്ന് റഹീം ഉറപ്പുനൽകിയതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഉറപ്പു നൽകിയെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറഞ്ഞു. റഹീമുമായി ചർച്ച തുടരുമെന്നും സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് വ്യക്തമാക്കി.

നിയമന വിവാദത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം നാളെ 18ാം ദിവസത്തിലേക്ക് കടക്കും. ഫെബ്രുവരി 20ാം തീയതിക്കുള്ളിൽ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്നായിരുന്നു മന്ത്രിയുടെ വാദം. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ഒത്തുതീർപ്പിനായി രംഗത്ത് വന്നത്.

By Divya