Sun. Dec 22nd, 2024
കോട്ടയം:

വിതുര പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണ് ശിക്ഷ വിധിച്ചത്.

തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവര്‍ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടില്‍ താമ്പരം എന്ന സ്ഥലത്ത് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും ശിക്ഷ ഇളവു നല്‍കണമെന്നും പ്രതി അഭ്യര്‍ഥിച്ചു.

വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 23 കേസുകളില്‍ കൂടി ഇനി നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്.

By Divya