തിരുവനന്തപുരം:
സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് വിമർശിച്ച് മന്ത്രി ഇ പി ജയരാജൻ. അതേസമയം 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് കടുത്ത വിമർശനവുമായി മന്ത്രി എത്തിയത്. സമരം ചെയ്യുന്നവരിൽ ഭൂരിപക്ഷവും റാങ്ക് ഹോൾഡർമാരല്ലെന്നും കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരുമാണെന്നും മന്ത്രി പറഞ്ഞു. റാങ്ക് ഹോൾഡേഴ്സിൻ്റെ ആത്മഹത്യാ ശ്രമത്തെ കളിയാക്കിയ മന്ത്രി പ്രതിപക്ഷമാണ് സമരത്തിന് പിന്നിലെന്നും വിമർശിച്ചു.
ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ സർക്കാരിന് നിയമനങ്ങൾ നടത്താനാവൂ. ചട്ടം പാലിക്കാതെ നിയമനം നടത്തിയതാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം. പത്തിലേറെ കൊല്ലം ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ വഴിയാധാരമാക്കാൻ പറ്റുമോ? അവരെ സ്ഥിരപ്പെടുത്തിയ സർക്കാർ തീരുമാനം ഏറ്റവും വലിയ ശരിയാണ് – ഇപി ജയരാജൻ പറഞ്ഞു.
എന്നാൽ രാഷ്ട്രീയഭേദനന്യേ എല്ലാവരും സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റാങ്ക് ഹോൾഡമാരുടെ വിശദീകരണം. ഈ മാസം 20-ന് മുൻപ് വിജ്ഞാപനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. സെക്രട്ടേറിയറ്റിലെ റാങ്ക് ഹോൾഡറുമാരുടെ സമരത്തിന് പിന്തുണയുമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രതിഷേധമുണ്ടായി. റാങ്ക് ഹോൾഡമാരുടെ സമരത്തിന് പിന്തുണയുമായി ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ആക്രമാസക്തമായി. സമരക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെൽ മാധ്യമപ്രവർത്തികർക്കിടയിലേക്ക് വീണതിനെ തുടർന്നും വാക്കേറ്റമുണ്ടായി.