മസ്കത്ത്:
ഒമാനിൽ ഡ്രൈവർ തസ്തികയിലെ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കുകയാണ് ചെയ്തത്. ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും.
തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വിസയിലുള്ള പ്രഫഷന് അനുയോജ്യമായ ലൈസൻസാണ് ഉണ്ടായിരിക്കേണ്ടത്. ഇതുവരെ ഡ്രൈവർ വിസ പുതുക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നില്ല.
ഡ്രൈവർ തസ്തികയിൽ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല. ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്വദേശി ഡ്രൈവർമാർ മാത്രമേ പാടുള്ളൂ. സ്വദേശികൾ മുഴുസമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ വിദേശി ഡ്രൈവർമാരെ ജോലിക്ക് വെക്കാൻ അനുമതിയുണ്ട്.