കൊച്ചി:
മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്‍റെ പകുതി കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു.
ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. 115 കോടി രൂപയാണ് നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയ 65 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.