ന്യൂഡൽഹി:
ട്വിറ്ററിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രം. കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കിയാണ് കേന്ദ്രം മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജനുവരി 31ന് ബ്ലോക്ക് ചെയ്ത 257 ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കമ്പനി വീണ്ടും കേന്ദ്രത്തെ സമീപിച്ചു.
ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കമ്പനി 257 അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ വിലക്ക് നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തിയത്.
മോദി കര്‍ഷകരുടെ വംശഹത്യയ്ക്ക് പദ്ധതിയിടുന്നു എന്ന ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കായിരുന്നു കേന്ദ്രത്തിന്റെ ആവശ്യപ്രകാരം വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഐടി ആക്ട് 69എ(3), പ്രകാരം സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുന്നില്ല എന്നാരോപിച്ച് കേന്ദ്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് പരമാവധി 7 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കും. ഈ സാഹചര്യത്തിലാണ് കമ്പനി വീണ്ടും രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.