Wed. Jan 22nd, 2025
ഡെറാഡൂൺ:

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ
മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ വ്യാപ്​തി
വർധിപ്പിച്ചത്​.

വെള്ളപ്പൊക്കത്തിൽ അഞ്ച് പാലങ്ങളും നിരവധി വീടുകളും
എൻ‌ടിപിസിയുടെ വൈദ്യുത നിലയവും തകർന്നിട്ടുണ്ട്​. കാണാതായവരിൽ 148 പേർ
ജലവൈദ്യുതി പ്ലാന്‍റിൽ ജോലി ചെയ്യുന്നവരാണ്​. അതേസമയം, നിർമാണത്തിലിരിക്കുന്ന
തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐടിബിപി സംഘം രക്ഷപ്പെടുത്തി.

മരിച്ചവരുടെ കുടുംബത്തിന് നാല്​ ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ്​ സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന്
രണ്ട്​ ലക്ഷം രൂപയും നൽകും.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിട്ടുണ്ട്.

By Divya