ന്യൂഡൽഹി:
കർഷക കരുത്ത് തെളിയിച്ച് ഹരിയാനയിൽ ‘കിസാൻ പഞ്ചായത്ത്’. ഞായറാഴ്ച ഛർഖി ദാദ്രിക്ക് സമീപത്തെ ടോൾ പ്ലാസയിൽ 50,000ത്തിൽ അധികം കർഷകരാണ് ഒത്തുകൂടിയത്. സംയുക്ത കിസാൻ മോർച്ച നേതാക്കളായ ദർശൻ പാൽ, ബൽബീർസിങ് രജേവാൾ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് തുടങ്ങിയവർ മഹാപഞ്ചായത്തിന് നേതൃത്വം നൽകി.
കർഷക നേതാക്കളുടെ താൽപര്യത്തിന് പുറത്തല്ല കർഷക പ്രക്ഷോഭം ആരംഭിച്ചതെന്നും രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമായതെ
ന്നും ദർശൻ പാൽ പറഞ്ഞു.ഹരിയാന ഭരിക്കുന്ന കർഷക വിരുദ്ധ സർക്കാറിനെ പുറത്താക്കണമെന്നും എൻ ഡി എ സർക്കാറിനെ പുറത്താക്കണമെന്നും എൻ ഡി എ സഖ്യത്തിന് ആഘാതം ഏൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കണം, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണം, അറസ്റ്റ് ചെയ്ത കർഷകരെ പുറത്തുവിടണം -തുടങ്ങിയ ആവശ്യങ്ങൾ രാകേഷ് ടികായത്ത് ആവർത്തിച്ചു.