Mon. Dec 23rd, 2024
കാസർകോട്:

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന്‍റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി പരിശോധന നടത്തി സിബിഐ ഉദ്യോഗസ്ഥർ. വൈകിട്ട് തീർത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി ഏരിയ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത്. സിബിഐ ഉദുമ ഏരിയ സെക്രട്ടറിയുടെയും മുൻ ഏരിയ സെക്രട്ടറിയും ഇപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠന്‍റെയും മൊഴിയെടുക്കുകയും ചെയ്തു.

കേസിൽ പതിനാലാം പ്രതിയാണ് മണികണ്ഠൻ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൃത്യം നടന്നദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെ മണികണ്ഠനെ കാസർകോട് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത് എന്നാണ് കാസർകോട് ബ്യൂറോ റിപ്പോ‍ർട്ട് ചെയ്യുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തേ പെരിയയിൽ എത്തി ശരത് ലാലും കൃപേഷും വെട്ടേറ്റ് വീണ കല്യോട്ടെ കൂരാങ്കര റോഡിൽ കൊലപാതകത്തിന്‍റെ പുനരാവിഷ്കാരം നടത്തി പരിശോധന നടത്തിയിരുന്നു. സാക്ഷികളുടേയും നാട്ടുകാരുടേയും എല്ലാം സാന്നിധ്യത്തിലാണ് അന്വേഷണ സംഘം സൂക്ഷ്മമായ വിവര ശേഖരണം നടത്തിയത്.

By Divya