ജുബൈൽ:
കൊവിഡ് പടർന്നുപിടിച്ച സാഹചര്യത്തിലും 2020ൽ സൗദിയിലെ വ്യവസായിക ഉൽപന്നങ്ങൾ 178 രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖോറൈഫ് പറഞ്ഞു. കഴിഞ്ഞ വർഷം പകർച്ചവ്യാധി ഏറ്റവും വലിയ വെല്ലുവിളിയായിരുന്നിട്ടും ആഗോളതലത്തിൽ രാജ്യത്തെ മത്സരിക്കാൻ പ്രാപ്തരാക്കുന്ന ശക്തമായ വ്യവസായമാണ് സൗദിക്ക് സ്വന്തമായി ഉള്ളതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആ നേട്ടം.
കസ്റ്റംസ് തീരുവ കുറഞ്ഞ സുതാര്യവും ശക്തവുമായ അടിത്തറയിലാണ് രാജ്യം വ്യവസായ മേഖല കെട്ടിപ്പടുത്തിട്ടുള്ളത്. 2020ൽ ലോകമെമ്പാടുമുള്ള 178 രാജ്യങ്ങളിലേക്ക് സൗദി ഉൽപന്നങ്ങൾ വ്യാപിപ്പിക്കാൻ പ്രാപ്തമായ അന്തരീക്ഷം അവ സൃഷ്ടിച്ചു. കൊവിഡ് കാലഘട്ടത്തിൽ വ്യവസായിക മേഖല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മനുഷ്യസുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു.