Thu. Dec 19th, 2024
Bike-accident

ആലപ്പുഴ:

ട്രോള്‍ വീഡിയോ നിര്‍മാണം പലര്‍ക്കും ഒരു തമാശയും കൗതുകവുമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അപകടം വരുത്തി വെയ്ക്കും. ഇതിന് പുറമെ നിയമം ലംഘനം കൂടിയായിരിക്കും.

ഇത്തരത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ ഇന്‍ ഹരിഹര്‍ നഗറിലെ വാചകങ്ങളൊക്കെ അനുകരിച്ചുകൊണ്ട്  ഒരു ട്രോള്‍ വീഡിയോ ഇറങ്ങിയിരുന്നു. ഇത് വെെറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ടവരിലെല്ലാം ചിരി പടര്‍ത്തിയെങ്കിലും കാര്യം ഇപ്പോള്‍ സീരിയസായി.

ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ആലപ്പുഴ മഹാദേവികാടായിരുന്നു സംഭവം. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എത്തിയ യുവാക്കൾ വീഡിയോ നിർമ്മാണത്തിനായി യാത്രികരായ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടിൽ ഇവർ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. നിർമ്മാണത്തിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്.

ആകാശ് , ശിവദേവ് എന്നിവർ സഞ്ചരിച്ച ആഢംബര ബൈക്കാണ് ഇടിച്ചത്.സുജീഷ്, അഖിൽ, ശരത്, ഒരു സ്കൂൾ വിദ്യാർത്ഥി എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിൽ അപകടം മനപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടി.

ലൈസൻസും, വാഹനത്തിൻ്റെ ആർസിയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

https://www.youtube.com/watch?v=Kz2sLmF1Ung

 

 

By Binsha Das

Digital Journalist at Woke Malayalam