ബെംഗളൂരു:
ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ കമ്പനി. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചർ ഗ്രൂപ്പിനെ തകർക്കാനാണ് ആമസോൺ ശ്രമിക്കുന്നതെന്ന് റിലയൻസ് ഇടപാടിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തെ വിമർശിച്ച് കിഷോർ ബിയാനി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
റിലയൻസ് – ഫ്യൂചർ ഇടപാട് തർക്കത്തിൽ തത്‌സ്ഥിതി തുടരാനുള്ള ദില്ലി ഹൈക്കോടതിയുടെ വിധിക്കെതിരെ ഫ്യൂചർ ഗ്രൂപ്പ് അപ്പീൽ പോയിരിക്കുകയാണ്. എന്നാൽ ഈ ഹർജിയിൽ നാളെ മാത്രമേ വാദം കേൾക്കൂ. അടിയന്തിരമായി വാദം കേൾക്കണമെന്നായിരുന്നു ഫ്യൂചർ ഗ്രൂപ്പിന്റെ ആവശ്യം.
തർക്കം വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും കൊവിഡ് കാലത്ത് ഫ്യൂചർ ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കാനും തയ്യാറാണെന്നും ആമസോൺ കമ്പനിയുടെ വക്താവ് ഇന്നലെ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഫ്യൂചർ ഗ്രൂപ്പിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.