‘ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; ബജറ്റിനെ ട്രോളി  തരൂര്‍

സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്‍റേതെന്നും തരൂര്‍ വിമര്‍ശിച്ചു. കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്ന് ബിനോയ് വിശ്വം എംപി തുറന്നടിച്ചു.

0
208
Reading Time: < 1 minute

ന്യൂഡല്‍ഹി:

കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രൂക്ഷമായാണ് ബജറ്റ് പ്രഖ്യാപനങ്ങളെ ട്രോളിയത്. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

” എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്,” ബജറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൃഷി വിറ്റത്തിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വീണ്ടും സർക്കാർ വിൽപന തുടരുകയാണ്. ഈ സർക്കാരിന് വരുമാനത്തിനുള്ള ഏക മാർഗം വിൽപനയാണ്. ഇന്ന് സർക്കാർ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി വിമര്‍ശിച്ചു. ഇന്ത്യയെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളുന്ന ബജറ്റെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കേന്ദ്ര ബജറ്റിനെതിരെ എം പി ബിനോയ് വിശ്വവും രംഗത്തെത്തി. കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

Advertisement