കൊച്ചി
മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ ഭാരതത്തിലെ പ്രമുഖകേന്ദ്രമാണ് എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം. വൈപ്പിൻ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇവിടെ ബഹുഭൂരിപക്ഷം ആളുകളും മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ് സ്ഥലവാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഉപജീവനമാര്‍ഗ്ഗം.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിലാണ് മത്സ്യ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2018ലെ സംസ്ഥാനതീരവികസന കോര്‍പ്പറേഷന്‍റെ കണക്കനുസരിച്ച് 500 വീടുകളിലായി 579 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇതില്‍ 83 കുടുംബങ്ങള്‍ ഭൂരഹിതരാണ്. 20 ശതമാനം വീടുകൾ നിലവാരമുള്ള താമസ സജ്ജമായവയാണെങ്കില്‍ 58.80 ശതമാനം പൂര്‍ണമായും സജ്ജമല്ലാത്തവയും 21.20 ശതമാനം വീടുകൾ മോശം നിലവാരത്തിലുള്ളവയുമാണ്. നിലവിലുള്ള 76.40 ശതമാനം വീടുകളും ശൗചാലയങ്ങള്‍ ഉള്ളവയാണ്. 80 ശതമാനത്തിനും ശുദ്ധജലസൗകര്യം ലഭ്യമാണ്. 264 പേരെ ഫിഷറീസ്ബോർഡ് ഇൻഷുര്‍ ചെയ്യുന്നു.
ഏറെ ജനസാന്ദ്രതയും പരിമിത ജീവിതസൗകര്യവും മാത്രമുള്ള ഇവിടെ ആശുപത്രി സൗകര്യങ്ങളില്ല. എന്നാല്‍ ആരോഗ്യരംഗത്തെ ഈ പരിമിതി വിദ്യാഭ്യാസ രംഗത്ത് ഗ്രാമം മറികടക്കുന്നു. രണ്ട് എൽപി സ്കൂളുകൾ, ഒരു യുപി സ്കൂൾ, ഒരു ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഇവിടെയുണ്ട്. എട്ട് അങ്കണവാടികൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. അവയിൽ രണ്ടെണ്ണം സ്വന്തം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഈ ഗ്രാമത്തില്‍ ഒരു 3.20 കിലോമീറ്റർ നീളമുള്ള രണ്ടു റോഡുകളുടെ ശൃംഖലയുണ്ട്. 20 തെരുവ് വിളക്കുകളുണ്ട്, അതിൽ 15 എണ്ണം പ്രവർത്തനക്ഷമമാണ്. നിരവധി ഫിഷിംഗ് ബോട്ടുകളും അഞ്ചു യന്ത്രവത്കൃതവള്ളങ്ങളും ഇവിടെയുണ്ട്. 89 മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ പെർമിറ്റ് ഉണ്ട്. പഞ്ചായത്തില്‍ ആറ് ഐസ് പ്ലാന്‍റുകളുണ്ട്. 1.5 കിലോമീറ്റര്‍ മാത്രമാണ് കടല്‍ത്തീരമുള്ളത്.
മത്സ്യഗ്രാമത്തിലെ പ്രധാന നിരത്തായ ഒരു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ചാപ്പ- കടപ്പുറം റോഡിന്‍റെ പുനര്‍നിര്‍മ്മാണം ഏറെ നാളത്തെ മെല്ലെപ്പോക്കിനു ശേഷം യാഥാര്‍ത്ഥ്യമായെങ്കിലും ചിരകാലസ്വപ്നമായ തീരദേശപാത ഇവിടെ മുടങ്ങിക്കിടക്കുകയാണ്. സ്വകാര്യവ്യക്തികളുടെ പക്കല്‍ നിന്നു ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
2018ലെ കണക്കനുസരിച്ച് 185 പുതിയ വീടുകള്‍ നിര്‍മ്മിക്കാനും 294 എണ്ണം പുതുക്കിപ്പണിയാനും 83 പേര്‍ക്ക് സ്ഥലം വാങ്ങാനും 5,34,50000 രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 2019ല്‍ ഭവനരഹിതരായ ഭൂമിയുള്ളവര്‍ 236ഉം ഭൂരഹതിരായവര്‍ 609ഉം ആണെന്ന് നിയമസഭ രേഖകള്‍ വ്യക്തമാക്കുന്നു. 2018ലെ കണക്കനുസരിച്ച് പുതിയ 118 ശൗചാലയങ്ങള്‍ക്കും 150 എണ്ണത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കുമായി 15.55 ലക്ഷം രൂപയാണ് വകയിരുത്തിയത്.
മേഖലയിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാന്‍ നൂറ് മഴ വെള്ളസംഭരണികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. വഴിവിളക്കുകള്‍ ഗാര്‍ഹിക വൈദ്യുതീകരണം എന്നിവയ്ക്ക് 7.15ലക്ഷം രൂപ മാറ്റിവെച്ചു. സ്കൂള്‍കെട്ടിടങ്ങളുടെ അറ്റകപറ്റപ്പണികള്‍ക്കു 16 ലക്ഷവും കംപ്യൂട്ടര്‍ ലാബിന് മൂന്നു ലക്ഷവും ചുറ്റുമതിലിന് രണ്ടര ലക്ഷവും വകയിരുത്തി.
അങ്കണവാടിക്കെട്ടിടത്തിന് മൂന്നരലക്ഷവും മറ്റ് ആറ് അങ്കണവാടികള്‍ക്കുള്ള ഭൂമിക്കും കെട്ടിടനിര്‍മാണത്തിനും 25 ലക്ഷവും വകയിരുത്തി. വൈപ്പിന്‍കരയിലെ മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യമായ പുലിമുട്ട് എളങ്കുന്നപ്പുഴ മത്സ്യഗ്രാമത്തില്‍ നിന്നാണ് തുടങ്ങുന്നത്. കടല്‍ഭിത്തിയോട് ചേര്‍ന്ന് നിര്‍മ്മിച്ച ഇവ വടക്കോട്ട് ഞാറയ്ക്കല്‍ സുനാമികോളനി ഭാഗത്തേക്ക് നീളുന്നു. എളങ്കുന്നപ്പുഴ ഭാഗത്തു മാത്രമാണ് അവ അടുത്തടുത്ത് സ്ഥാപിച്ചിട്ടുള്ളത്. കടലാക്രമണം, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ വരുമ്പോള്‍ കടല്‍ഭിത്തിക്കു മുകളിലൂടെ ഉയരുന്ന രൗദ്രമായ തിരമാലകള്‍ എളങ്കുന്നപ്പുഴ തീരദേശനിവാസികളുടെ പേടിസ്വപ്നമാണ്.
കൊവിഡ് 19നെ പ്രതിരോധിച്ച മത്സ്യഗ്രാമം
ജനസാന്ദ്രത ഏറിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍ക്കൊള്ളുന്ന മാതൃകാമത്സ്യഗ്രാമത്തില്‍ കൊവിഡ് പ്രതിരോധം ആശങ്കപ്പെട്ടതു പോലെ വലിയ തോതില്‍ സമൂഹവ്യാപനമായില്ല. ദാരിദ്ര്യവും പോഷണക്കുറവും മറ്റെല്ലായിടത്തെയും പോലെ ഇവിടെയും രോഗവ്യാപനത്തെക്കുറിച്ച് ആശങ്ക പരത്തിയെങ്കിലും രോഗികളെ കണ്ടെത്തി വേണ്ട വിധം സുരക്ഷയൊരുക്കാനായതാണ് ഇവിടെ വ്യാപനം ചെറുക്കാന്‍ വഴിയൊരുക്കിയത്. രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ എട്ടു പേരാണ് ഇവിടെ കൊവിഡ് 19 പോസിറ്റിവ് ആയത്.
ഇവരെ കൃത്യമായി കണ്ടെത്തി മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി പ്രാഥമിക നിരീക്ഷണകേന്ദ്രങ്ങളിലയക്കാനായത് രോഗവ്യാപനം ചെറുക്കാന്‍ സഹായിച്ചതായി എളങ്കുന്നപ്പുഴ ഒന്നാം വാര്‍ഡിലെ ആശ വര്‍ക്കര്‍ സുമി സി എസ് പറയുന്നു. കൊവിഡ് മരണങ്ങള്‍ ഇല്ല. രോഗബാധിതരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി നാലു മാസം മാത്രമായ ഇ പി പ്രവീണിന്‍റെ (26) മകനാണ്. മാലിപ്പുറത്ത് പച്ചക്കറിക്കട നടത്തുന്ന, സ്വകാര്യബാങ്ക് ജീവനക്കാരന്‍ കൂടിയായിരുന്ന പ്രവീണിന് കോഴിക്കോട്ട് വെച്ചാണ് സമ്പര്‍ക്കമുണ്ടായത്.
“ഏഴു മാസം മുന്‍പാണ് രോഗബാധിതനായത്. സുഹൃത്ത് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെയാണ് സമ്പര്‍ക്കമുള്ള താന്‍ ടെസ്റ്റ് ചെയ്തതും വൈറസ് ബാധ സ്ഥിരീകരിച്ചതും. അതിസാരമായിരുന്നു പ്രധാനലക്ഷണം, ആദ്യ രണ്ടു ദിവസം പനിയുമുണ്ടായിരുന്നു. മണവും രുചിയുമുണ്ടായിരുന്നില്ല. മാഞ്ഞാലി എംഇഎസ് കോളേജിലായിരുന്നു ക്യാംപ്. അവിടെ പനിക്കും ചുമയ്ക്കുമുള്ള മരുന്നുകള്‍ മാത്രമാണ് തന്നിരുന്നത്. വീട്ടില്‍ കുട്ടിക്കൊഴികെ ആര്‍ക്കും രോഗമുണ്ടായില്ല. ഭാര്യയും കുട്ടിയും മുറിയില്‍ ക്വാന്‍റൈനില്‍ കഴിഞ്ഞു. 10 ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു പേരും നെഗറ്റീവ് ആയി. നെഗറ്റീവ് ആയ ശേഷം ഒന്നരയാഴ്ചയോളം വയറിളക്കം തുടര്‍ന്നിരുന്നു. മകനും ഇതേ ലക്ഷണമായിരുന്നു, കുട്ടി ക്ഷീണിച്ചു പോയി. അതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. വീട്ടില്‍ ഭാര്യയെയും മകനെയും കൂടാതെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരാണുള്ളത്. ഹൃദ്രോഗിയായ അമ്മയ്ക്കും വൃദ്ധനായ പിതാവിനും രോഗമുണ്ടാകുമോ എന്ന ആശങ്ക കൊണ്ടാണ് എഫ്എല്‍ടിസിയിലേക്കു പോയത്. സ്പെയര്‍പാര്‍ട്സ് കടയും പച്ചക്കറിയും പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങിയ സാഹചര്യത്തില്‍ അടച്ചിടുക മാനസികപ്രയാസമുണ്ടാക്കിയിരുന്നു. ബന്ധുക്കള്‍ സാധനങ്ങള്‍ വാങ്ങി തരുമായിരുന്നു, ഇടപാടുകള്‍ ഓണ്‍ലൈനിലാണ് ചെയ്തിരുന്നത്.” പ്രവീണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
ദുരന്തങ്ങളിലെ നിതാന്തജാഗ്രത പഠനത്തിലും
എളങ്കുന്നപ്പുഴ ഒന്നാം വാര്‍ഡിന്‍റെ അതിര്‍ത്തിയില്‍ കടല്‍ഭിത്തിയോട് ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളായ കൃഷ്ണന്‍കുട്ടിയുടെയും സഹോദരന്‍ പ്രതാപന്‍റെയും വീട്. ഓഖി കൊടുങ്കാറ്റും പ്രളയവുമടക്കം പ്രകൃതിദുരന്തങ്ങള്‍ കണ്‍മുന്നില്‍ കണ്ടതിന്‍റെ ഓര്‍മ്മ പങ്കു വെക്കുകയാണ് ഈ സഹോദരങ്ങളുടെ ഭാര്യമാരായ ജലജ കൃഷ്ണനും രജനി പ്രതാപനും. ഓഖി വീശിയടിച്ച രാത്രിയില്‍ കടല്‍ഭിത്തിയില്‍ നിന്നുള്ള കല്ലുകള്‍ തെറിച്ചു വീണത് വീടിനു മുകളിലേക്കാണ്. പുതുതായി കെട്ടിയ ബാത്റൂമില്‍ പാറകള്‍ തട്ടി നിന്നതിനാല്‍ വീട് തകര്‍ന്നില്ലെന്ന് രജനി പറയുന്നു. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനു പോകുന്ന ഇവരുടെ ഭര്‍ത്താക്കന്മാരാണ് ഈ വീടുകളുടെ ആശ്രയം. 85കാരിയായ ഭര്‍ത്തൃമാതാവിന്‍റെയും സഹോദരിയുടെയും കുട്ടികളുടെയും ഉത്തരവാദിത്തവും ഇവരുടെ ചുമലിലാണ്. മത്സ്യഫെഡില്‍ നിന്ന് ധനസഹായം ലഭിക്കുമെന്നു കേട്ടിരുന്നെങ്കിലും ഇവിടം വിട്ടു പോയാല്‍ ഉപജീവനത്തിനു ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇവിടം വിടാന്‍ മടിക്കുന്നതെന്ന് രജനി. എങ്കിലും കുട്ടികളുടെ പഠനകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് ജലജയും വ്യക്തമാക്കി.
കൃഷ്ണന്‍കുട്ടിയുടെ മകള്‍, സെന്‍റ് തെരേസാസ് കോളെജിലെ ഒന്നാംവര്‍ഷ ധനതത്വ ശാസ്ത്രവിദ്യാര്‍ത്ഥി നവ്യമോള്‍ക്ക് ആദ്യമായി കോളേജില്‍ ചേര്‍ന്നിട്ട് പോകാനാകാത്തതിന്‍റെ ആകുലതകളുണ്ട്. “മൊബൈല്‍ നെറ്റ് വര്‍ക്ക് ദുര്‍ബ്ബലമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനാകുന്നില്ലെന്നതാണ് പ്രശ്നം. പ്ലസ് വണ്‍ പരീക്ഷയുടെ കാലത്താണ് കൊവിഡ് രൂക്ഷമായതും ലോക്ക് ഡൗണിലേക്കു നീങ്ങിയതും. അന്ന് ബസ്സില്‍ പോകുന്നതു തന്നെ ഭയത്തോടെയായിരുന്നു. ഓഗസ്റ്റിലാണ് ഓണ്‍ലൈന്‍ക്ലാസ് തുടങ്ങിയത്. സ്മാര്‍ട്ട്ഫോണ്‍ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും റേഞ്ചില്ലാത്തതിനാല്‍ മിക്കപ്പോഴും ക്ലാസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. കോളേജ് തന്നെ ഇറക്കിയ മൂഡില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പിഡിഎഫ് ഫയലുകള്‍ നോക്കിയാണ് പഠനം,” നവ്യ പറയുന്നു.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയുടെ മകളാണ് നവ്യ. അനിയന്‍ നവീന്‍ ഒ കെ നായരമ്പലം ബിവിഎച്ച് എസ് സ്കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. “മൊബൈല്‍ റേഞ്ച് കുറവ് അലട്ടുന്നതിനാല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനാകുന്നില്ല. ചേച്ചിക്കും എനിക്കും കൂടി ആകെ ഒരു സ്മാര്‍ട്ട് ഫോണാണ് ഉള്ളത്. കഴിഞ്ഞ മാസം മുതല്‍ ട്യൂഷനു പോകാന്‍ തുടങ്ങി. വോട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകളെല്ലാം നടക്കുന്നുണ്ടെങ്കിലും ടീച്ചര്‍മാര്‍ പറയുന്നത് മനസ്സിലാകാതെ എങ്ങനെയാണ് പങ്കെടുക്കാനാകുക,” എന്നാണ് നവീന്‍റെ ചോദ്യം.
ഇവരുടെ പിതൃസഹോദരപുത്രി പ്രവീണ പ്രതാപിനും സമാനമായ പ്രശ്നങ്ങളാണ് പറയാനുള്ളത്. എളങ്കുന്നപ്പുഴ ജിഎച്ച്എച്ച്എസിലെ പ്ലസ് ടു കൊമേഴ്സ്, കംപ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്. “ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഇപ്പോള്‍ സ്കൂള്‍ പുനരാരംഭിച്ചതോടെ ഫോക്കസ് ഏരിയകളെ അടിസ്ഥാനമാക്കിയാണ് ക്ലാസ് നടക്കുന്നത്. രാത്രികളില്‍ നെറ്റ് വര്‍ക്ക് പ്രശ്നം കൂടുതലായതിനാല്‍ ടീച്ചര്‍ പറയുന്നത് മുറിഞ്ഞു മുറിഞ്ഞാണ് കേള്‍ക്കുന്നത്. ക്ലാസില്‍ കയറാത്തതിനു സമാനമാണ് സ്ഥിതി. കംപ്യൂട്ടര്‍ അടക്കമുള്ള പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ ഇതുവരെ നടത്തിയിട്ടില്ല, തിയറിക്ലാസുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. മാര്‍ച്ച് ഒന്നിന് മോഡല്‍ എക്സാമും 17ന് ബോര്‍ഡ് എക്സാമും നടക്കുമെന്നാണ് അറിയിപ്പ്, ട്യൂഷനില്ല. അതിനാല്‍ ആശങ്കയുണ്ട്.”
ഏഴാംക്ലാസുകാരനായ പ്രവീണയുടെ സഹോദരന്‍ പ്രതീഷ് ഒ പിയാണ് വിക്റ്റേഴ്സ് ചാനലിന്‍റെ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ടിവി കേടായ കാര്യം ഓര്‍ത്തത്. “ടിവി പ്രവര്‍ത്തിക്കാതായതോടെയാണ് മൊബൈലില്‍ ക്ലാസ് കണ്ടത്, ഫോണിലാണെങ്കില്‍ റേഞ്ചുമില്ല. ദൂരെ കല്ലിനു മുകളില്‍ കയറി നിന്നാണ് ക്ലാസ് കേള്‍ക്കുന്നത്. പിന്നീട് മാമന്‍ ടി വിയുടെ ബോര്‍ഡ് മാറ്റി വച്ചു തന്നപ്പോഴാണ് ക്ലാസ് ശരിക്ക് അറ്റന്‍ഡ് ചെയ്യാനായത്. അര മണിക്കൂര്‍ മാത്രമാണ് ക്ലാസ്. ഓണ്‍ലൈന്‍ പഠനം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടു തന്നെ.” നായരമ്പലം ബിവിഎച്ച്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണു പ്രതീഷ്.
ചേന്ദമംഗലം മാര്‍ഗ്രിഗറിയസ് കോളേജിലെ അവസാന വര്‍ഷ ബികോം, കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥിനി സ്വാതി കെ ഡിയുടെ അഭിപ്രായത്തില്‍ റെഗുലര്‍ ക്ലാസാണ് നല്ലത്.”തിയറി പേപ്പറായിരുന്നതിനാല്‍ നോട്സ് മാത്രമാണ് ഓണ്‍ലൈന്‍ക്ലാസിലുണ്ടായത്. ലൈവ് ക്ലാസുകള്‍ റേഞ്ച് ഇല്ലാത്തതിനാല്‍ നഷ്ടപ്പെടും, അതിനാല്‍ ഓഡിയോയും ചിത്രങ്ങളും ടീച്ചര്‍മാര്‍ വാട്സ്ആപ്പില്‍ അയച്ചു തരുകയും സംശയനിവാരണം വരുത്തുകയുമായിരുന്നു. കോളേജ് തുറന്നതോടെ രണ്ടു സെമസ്റ്ററുകളിലെയും ക്ലാസുകള്‍ റിവിഷന്‍ എടുത്തു പോകുകയാണ്. എത്രയായാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ബുദ്ധിമുട്ടാണ്,” സ്വാതി വോക്ക് മലയാളത്തോടു പറഞ്ഞു.
അതിജീവനത്തിന്‍റെ വിഭിന്ന വഴി
കൊവിഡ് കാലം തികച്ചും വിഭിന്നമായ ഒരു അതിജീവനരീതി പരിചയപ്പെടുത്തിയെന്ന് കാഞ്ഞിരക്കാട്ട് വിജയമ്മ ബാലകൃഷ്ണന്‍ (58) പറഞ്ഞു. “ലോക്ക്ഡൗണ്‍ ആയപ്പോള്‍ പുറത്തോട്ട് പോകാനായിരുന്നില്ല. അടുത്തു തന്നെ കടയുള്ളതിനാല്‍ അവിടെ നിന്ന് വായ്പയായെങ്കിലും സാധനങ്ങള്‍ കിട്ടുമായിരുന്നു. റേഷന്‍ കിറ്റ്, അമ്പലക്കമ്മിറ്റി, കുടുംബശ്രീ, അരയ ക്ഷേമസഭ തുടങ്ങിയ സംഘടനകള്‍ സഹായിച്ചു. പ്രധാനമായും ഭക്ഷ്യകിറ്റുകളാണ് കിട്ടിയത്. എല്ലാവരും വീട്ടിനകത്തു തന്നെയായിരുന്നു. പേരക്കുട്ടികളും മക്കളുമെല്ലാം വീടിനകത്തു തന്നെ കൂടി. നമുക്ക് എന്തു പറ്റിയാലും ചെറുമക്കള്‍ക്ക് ഒന്നും പറ്റരുത് എന്നായിരുന്നു പ്രാര്‍ത്ഥന.”
കൊവിഡ് ഭീതി ഉണ്ടായിരുന്നതിനാല്‍ പുറത്ത് ഇറങ്ങാതെയും ആരുമായും ബന്ധപ്പെടാതെയും ശ്രദ്ധിച്ചതായി കടവില്‍ സൈമു കുശന്‍ (51). “സമ്പര്‍ക്കമുള്ള പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ക്വാറന്‍റൈനില്‍ ഇരുന്നു. അതിന്‍റെ ഫലമായി അതിവ്യാപനമില്ലാതായി. രണ്ടാഴ്ച ലോക്ക്ഡൗണായിരുന്നു. ജോലിക്കു വരെ പോകാതിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് രോഗികള്‍ക്ക് മരുന്നു നല്‍കിയിരുന്നു. കെട്ടിച്ചുവിട്ട മക്കളെ ഫോണില്‍ വിളിച്ച് അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.”
തീരസുരക്ഷ ഉറപ്പാക്കാനാകാതെ പുലിമുട്ടുകളും മൂളിമരങ്ങളും
തീരശോഷണം വൈപ്പിന്‍കരയിലെ തീരമേഖലയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുമ്പോള്‍ എളങ്കുന്നപ്പുഴയും മാലിപ്പുറവും അപവാദമാകുന്നത് ഇവിടത്തെ പുലിമുട്ടുകളുടെയും മൂളി(കാറ്റാടി) മരങ്ങളുടെയും സാന്നിധ്യമാണ്. എങ്കിലും അശാസ്ത്രീയത ഇവിടെയും ജനജീവിതം ദുഷ്കരമാക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ കടല്‍ത്തീരത്തിനു ദോഷകരമായെന്ന് സുരേഷ് എം എ മൂക്കഞ്ചേരി (58) പറയുന്നു. “മഴക്കാലത്ത് കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ കടല്‍ഭിത്തിയുടേതടക്കം കല്ലുകള്‍ വീഴും. വീടിന്‍റെ ചുവരുകളടക്കം കല്ലുകള്‍ വീണ് തകരും. കടല്‍ഭിത്തിക്കു മുകളിലൂടെ വെള്ളം ആര്‍ത്തലച്ചു വീഴും. മുന്‍പ് കടല്‍ഭിത്തി നില്‍ക്കുന്നിടം വരെ കടലായിരുന്നു. വന്‍കിട പദ്ധതികളുടെ ഡ്രെഡ്ജിംഗ് നടക്കുന്നതിന്‍റെ ഫലമാണ് ഇവിടെ കരവെയ്ക്കുന്നത്. തീരദേശ റോഡ് ഇനിയുമെങ്ങുമെത്താത്തതാണ് ഇവിടത്തെ വികസനത്തിനു തടസ്സം. 25 കിലോമീറ്റര്‍ മാത്രമുള്ള വൈപ്പിനില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടമരണങ്ങള്‍ നടക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ജനപ്രതിനിധികളാണ് ഉള്ളത്. അലൈന്‍മെന്‍റ് നിശ്ചയിച്ചത് സ്വകാര്യഭൂമിയില്‍ കൂടിയാണ് എന്നതാണ് പ്രധാനപ്രശ്നമായി കേള്‍ക്കുന്നത്. തീരം കടലിനകത്തേക്ക് കയറിയ നിലയിലാണെങ്കിലും വള്ളമിറക്കാന്‍ ബുദ്ധിമുട്ടാണ്. ചതുപ്പ് ഇല്ലാതാക്കാനും വേലിയേറ്റം തടയാനും കാറ്റാടിച്ചെടികളും പിടിപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ പുലിമുട്ടുകള്‍ ഇല്ലാത്തതാണ് തീരം നശിക്കാന്‍ കാരണം. മുന്‍കാലങ്ങളില്‍ 100 മീറ്റര്‍ അകലത്തില്‍ പുലിമുട്ടുകള്‍ നിര്‍മിച്ചിരുന്നു. പുലിമുട്ടുകള്‍ ഉയര്‍ത്തി കടലിലേക്ക് നീളത്തില്‍ സ്ഥാപിക്കണം. എന്നാല്‍ മാത്രമേ തീരശോഷണം ഇല്ലാതാകുകയുള്ളൂ. വെള്ളം വലിയാനും വേലിയേറ്റം ചെറുക്കാനും ഏക പോംവഴിയാണത്. പഴമക്കാരും പറയുന്നത് അതു തന്നെയാണ്.”
കാഞ്ഞിരക്കാട്ട് ബാലകൃഷ്ണനും(65) ഇത് ശരിവെക്കുന്നു, “ഒന്നാം പ്രളയകാലത്ത് രണ്ടാമത്തെ മകന്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയപ്പോള്‍, ഇവിടെ വീട്ടിനകത്ത് വെള്ളം കയറുകയായിരുന്നു. രാത്രി മൂത്ത മകന്‍ എത്തിയപ്പോള്‍ മുട്ടറ്റം വെള്ളം കയറിയിരുന്നു. എല്ലാ സാധനങ്ങളും മുകളില്‍ കയറ്റിവെച്ച് ക്യാംപിലേക്കു പോയി. ക്യാംപില്‍ നിന്നു നോക്കിയാല്‍ പ്രദേശം മുഴുവന്‍ പെരുംകടലായാണു തോന്നിയത്. മൂന്നു ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ തറ ഉയര്‍ത്തിയ അവന്‍റെ പുതിയ വീടിനടുത്തു വരെ മീന്‍ നീന്തുന്നതാണ് കണ്ടത്. കരയില്‍ നിന്ന് തോട്ടിലൂടെ ഒഴുകിച്ചെല്ലുന്ന മാലിന്യങ്ങള്‍ മുഴുവന്‍ പുറംകടലിലാണെത്തുന്നത്. ഇത് മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ തടയുന്ന അളവിലെത്തുന്നുണ്ട്. പ്ലാസ്റ്റിക്ക് നിരോധിച്ചതായി പറയുന്നുണ്ടെങ്കിലും കുന്നുകണക്കിന് കൂടിക്കിടക്കുന്നതായി കാണാം. തോടുകളിലേക്ക് പരിസരവാസികള്‍ തന്നെ മാലിന്യം തള്ളുന്നു. അത് വേലിയേറ്റസമയത്തും വര്‍ഷകാലത്തും ഓടയിലൂടെ വീട്ടിനകത്തേക്കു വരുന്നു. കാറ്റാടിച്ചെടികള്‍ വളര്‍ത്തുന്നതൊന്നും പരിഹാരമല്ല. തിര കടലെടുക്കുമ്പോള്‍ അവയെല്ലാം കടപുഴകിപ്പോകും, കഴിഞ്ഞ തവണ കടലെടുത്തപ്പോള്‍ രണ്ടു നിര വീണിരുന്നു.”
ചെലവിനൊപ്പം നിയന്ത്രണങ്ങളും അടിപതറിക്കുമ്പോള്‍
പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ അടിക്കടി ഉയരുന്ന ഉപകരണച്ചെലവും അനുദിനം കുറയുന്ന വരുമാനവുമാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ബാലകൃഷ്ണന്‍ പറയുന്നു. “കൊവിഡ് നിയന്ത്രണങ്ങള്‍ ഞങ്ങളെപ്പോലുള്ള ചെറുവഞ്ചിക്കാരെ വലിയ രീതിയില്‍ ബാധിച്ചു. മത്സ്യഫെഡില്‍ നിന്നുള്ള വായ്പയൊന്നും കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ മാസത്തെ അടവ് തന്നെ ഞെങ്ങിഞെരുങ്ങിയാണ് അടച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ത്തന്നെ അവര്‍ വിളിച്ച് വൈകുന്നേരത്തിനകം അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു, ഇതാണ് സ്ഥിതി. മത്സ്യബന്ധനമേഖല മാത്രമല്ല മറ്റു മേഖലകളിലും തൊഴിലവസരം കുറഞ്ഞിട്ടുണ്ട്. കടലില്‍ നിന്ന് ഒന്നും കിട്ടാത്ത മൂന്നു മാസങ്ങളാണ് ഇനി വരുന്നത്. മൂന്നു മക്കളും മറ്റു പണികള്‍ പഠിച്ചിട്ടുണ്ട്. കല്‍പ്പണി, മാര്‍ബിള്‍, ഡ്രൈവിംഗ്, മുടിവെട്ട് തുടങ്ങിയ ജോലികള്‍ക്കാണ് പോകുന്നത്. കടലില്‍ പണി ഇല്ലാതാകുമ്പോള്‍ അവര്‍ ആ പണികള്‍ക്കു പോകും. അങ്ങനെ മാറി മാറിയാണ് നില്‍ക്കുന്നത്.”
കൊവിഡ് വന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് വലിയ നഷ്ടം സഹിച്ചതായി അയല്‍വാസി കടവില്‍ കുശനും (57) വ്യക്തമാക്കി. “ശരിക്കു ജോലിക്കു പോയില്ല, പോയിട്ടും കാര്യമില്ല, കിട്ടുന്ന മത്സ്യം വില്‍ക്കാന്‍ തന്നെ പ്രയാസം. കൊണ്ടു വന്നാല്‍ പോലിസ് പിടിക്കും, ഹാര്‍ബറിലും വിലക്കായിരുന്നു. പിന്നെ, അടുത്തുള്ള ചെറിയ മാര്‍ക്കറ്റുകളിലും തട്ടിലുമൊക്കെ വില്‍ക്കുമായിരുന്നു. അന്ന് ഡിമാന്‍ഡുണ്ടായതിനാല്‍ വിലയും കിട്ടി. ന്യൂനമര്‍ദ്ദം, പ്രകൃതിദുരന്തം തുടങ്ങിയവയെപ്പറ്റിയുള്ള മുന്നറിയിപ്പ് അപകടങ്ങളില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്. ഇവിടെ നാല്‍പ്പതോളം വഞ്ചികള്‍ തന്നെയുണ്ട്. എളങ്കുന്നപ്പുഴ തീരത്തും സ്കൂള്‍മുറ്റം, പുതുവൈപ്പ്, മാലിപ്പുറം പാലത്തിനു സമീപവുമൊക്കെയാണ് കെട്ടുന്നത്,” പ്രദേശത്ത് ഫിഷ് ലാന്‍ഡിംഗ് സെന്‍റര്‍ ഇല്ലാത്തതിന്‍റെ പ്രശ്നം കുശനും ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധത്തിലേക്കു നയിച്ച ഒത്തൊരുമ
കൊവിഡ് കേസുകള്‍ മറച്ചുവെക്കാതെ കൃത്യമായി അറിയിച്ചതാണ് സമൂഹവ്യാപനം ചെറുക്കാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായി വിഷയം കൈകാര്യം ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ ഓര്‍ക്കുന്നു. “വിവേചനമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ ഒരു പെണ്‍കുട്ടിക്കാണ് വന്നത്. അറിഞ്ഞയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചു ഭേദമാക്കി.”
പഞ്ചായത്തിലോ, കൊവിഡ് പ്രാഥമികചികിത്സാകേന്ദ്രത്തിലോ ലിംഗ വിവേചനമുണ്ടായില്ലെന്ന് രോഗമുക്തനായ പ്രവീണും സാക്ഷ്യപ്പെടുത്തുന്നു. “ക്യാംപിലോ ആരോഗ്യപ്രവര്‍ത്തകരുടെയോ ഭാഗത്തു നിന്ന് രോഗികളോട് ആണ്‍- പെണ്‍ വിവേചനമുണ്ടായതായി തോന്നിയിട്ടില്ല. തുടക്കകാലത്ത് രോഗികളോട് സമൂഹത്തിന് വിവേചനമുണ്ടായിരുന്നു. സമ്പര്‍ക്കമുണ്ടായ സുഹൃത്തുക്കളോടും ആളുകള്‍ അകന്നു. അത് വലിയ ബുദ്ധിമുട്ടായി തോന്നി. ബന്ധുക്കളും സുഹൃത്തുക്കളും അടുത്തു നിര്‍ത്തി. ആശാവര്‍ക്കര്‍മാര്‍ അറിഞ്ഞപ്പോള്‍ത്തന്നെ മരുന്ന് എത്തിച്ചിരുന്നു. പിന്നീട് സിസ്റ്റര്‍മാരായാലും എല്ലാ കാര്യങ്ങളും എപ്പോഴും വിളിച്ചു ചോദിക്കുമായിരുന്നു.” പ്രവീണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
പാര്‍പ്പിടപദ്ധതികള്‍ നല്‍കുന്ന ആത്മവിശ്വാസം
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഭവനനിര്‍മാണ പദ്ധതികള്‍ ഗ്രാമത്തിന്‍റെ മുഖം മാറ്റുമെന്ന് പഞ്ചായത്ത് അധികൃതരും പ്രദേശവാസികളും പ്രതീക്ഷിക്കുന്നു. അര്‍ഹതയുള്ള 36 വീടുകള്‍ ഈ പ്രദേശത്തുണ്ടെന്ന് കുശന്‍ പറയുന്നു. പലര്‍ക്കും ഫണ്ട് പാസായി കിടക്കുന്നുണ്ട്, സ്ഥലത്തിന്‍റെ പട്ടയത്തിന്‍റെ പ്രശ്നങ്ങളില്‍ തട്ടിയാണ് അത് നില്‍ക്കുന്നതെന്ന് അറിയുന്നു. എല്ലാ വീടുകളിലും വെള്ളക്കെട്ടിന്‍റെ പ്രശ്നമുണ്ടെന്നും കുശന്‍ ചൂണ്ടിക്കാട്ടി. വീട് മണ്ണില്‍ താഴുന്ന പ്രശ്നം 10 വര്‍ഷത്തിനപ്പുറം പണിത എല്ലാ തീരദേശവീടുകള്‍ക്കുമുണ്ടെന്ന് ബാലകൃഷ്ണന്‍ പറയുന്നു. “ഈ വീട് പണിതിട്ട് 20 വര്‍ഷമായി. മത്സ്യത്തൊഴിലാളികള്‍ക്ക് 35,000 രൂപ നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തിയാണ് അന്ന് വീട് നിര്‍മ്മിച്ചത്. കുട്ടികള്‍ വലുതായപ്പോള്‍ അവരുടെ അധ്വാനവും കൂട്ടി വീട് പുതുക്കിപ്പണിതതാണ്.”
നിലവില്‍ സര്‍ക്കാരിന്‍റെ ലൈഫ് ഭവനപദ്ധതിയിലാണ് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017ലെ പട്ടികയില്‍ എളങ്കുന്നപ്പുഴ മത്സ്യഗ്രാമത്തിലെ 31 മത്സ്യത്തൊഴിലാളികളാണ് ഭവനങ്ങള്‍ക്ക് അര്‍ഹരായിരുന്നത്. ഈ ലിസ്റ്റില്‍ നിന്ന് 20 തിരഞ്ഞെടുത്ത 20ല്‍ 19 പേരുടെ ഭവനങ്ങള്‍ക്ക് കരാറായി. അതിനു ശേഷം വിളിച്ച അപേക്ഷയില്‍ 171 പേര്‍ അര്‍ഹത നേടി. ഇതില്‍ നിന്ന് 70 പേര്‍ക്ക് വീടുവെക്കാനുള്ള കരാറായി എന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അറിയിച്ചു.
കേരളത്തിന്‍റെ മത്സ്യസമ്പത്തിന്‍റെ സവിശേഷ കേന്ദ്രമായി ഇന്നും വര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ മത്സ്യഗ്രാമത്തെ സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചില്ലെങ്കില്‍ പരമ്പരാഗത മത്സ്യമേഖലയില്‍ അതിന്‍റെ തിക്തഫലം പ്രതിഫലിക്കും. തീരദേശത്തെയും മത്സ്യത്തൊഴിലാളികളുടെ തൊഴിലവസരങ്ങളും സംരക്ഷിക്കുന്നതില്‍ അമാന്തിച്ചാല്‍ ഈ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രം അധികം താമസിയാതെ ഓര്‍മ്മയായി മാറും.