ലണ്ടൻ:
ലോക്ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച് കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.
100ാം വയസിൽ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാതെ തന്‍റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രിൽ 30ന് നൂറുവയസ് പൂർത്തിയാകുന്നതിന് മുന്നോടിയായിരുന്നു നടത്തം. ജന്മദിനത്തിന് മുമ്പ് 100 തവണ പൂന്തോട്ടത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു മൂറെയുടെ ചലഞ്ച്.
എല്ലാവരും സ്നേഹത്തോടെ ക്യാപ്റ്റൻ ടോം എന്നു വിളിക്കുന്ന മൂറെയുടെ ചലഞ്ച് ലക്ഷക്കണക്കിന് ജനങ്ങൾ ഏറ്റെടുത്തു. ഇതോടെ 1.1 കോടി യൂറോയാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലെത്തിയത്. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ യുകെ നാഷണൽ ഹെൽത്ത് സർവീസിനായി സംഭാവന സ്വരൂപിക്കുന്നതിനായിരുന്നു ആ നടത്തം. ഇതോടെ അഞ്ചുലക്ഷത്തിലധികം പേർ മൂറെയുടെ ചലഞ്ചിന് പണം സംഭാവനയായി നൽകുകയായിരുന്നു.