Wed. Jan 22nd, 2025
Ranni gramapanchayath

തിരുവനന്തപുരം:

എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബിജെപിയും സിപിഎമ്മും കെെകോര്‍ത്തുകൊണ്ട് റാന്നി പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു.

എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) രാജിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സിപിഎമ്മിന് ബിജെപിയുടെ കൂട്ടുകെട്ടില്‍ ഭരണം വേണ്ടയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറയുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് (എം) അംഗത്തോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടും എന്ന് തന്നെയാണ് അദ്ദേഹം നല്‍കിയ സൂചന.

സിപിഎമ്മിന്‍റെ അറിവോട് കൂടിയല്ല ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്. വരും മണിക്കൂറുകളില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയിച്ചെങ്കിലും രാജി പ്രഖ്യാപിക്കുന്ന തരത്തിലേക്ക് സിപിഎം നീങ്ങിയിട്ടില്ല.

https://www.youtube.com/watch?v=zsbKK0dJWOQ

അതേസമയം,തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റതിന് പിന്നാലെ നാല് എൽഡിഎഫ് പ്രസിഡന്റുമാർ രാജിവച്ചു.

യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിലാണ് രാജിവച്ചത്.

പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.

യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.

ഇതിനിടെ, തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല പഞ്ചായത്ത് ഭരണം ബിജെപിക്ക്. സ്വതന്ത്രയുടേയും ഒരു യുഡിഎഫ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് കിട്ടി. ഇതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബിജെപി ഭരണം പിടിച്ചത്. എൽഡിഎഫായിരുന്നു ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. സ്വതന്ത്രയായ ലില്ലി മോഹൻ പ്രസിഡന്റാകും.

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.

 

By Binsha Das

Digital Journalist at Woke Malayalam