തിരുവനന്തപുരം:
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും.
കേന്ദ്ര കാർഷിക ബില്ലിന് പകരമായി പഞ്ചാബിലാണ് ആദ്യമായി ഒരു സംസ്ഥാന നിയമസഭ നിയമ നിർമ്മാണം നടത്തുന്നത്. ഒക്ടോബറിൽ പഞ്ചാബ് നിയമസഭ ഏകകണ്ഠമായാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷ കക്ഷികളായ അകാലിദൽ, ആം ആദ്മി പാർട്ട, ലോക് ഇൻസാത് എന്നീ പാർട്ടികളുടെ അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു നീക്കം.
അതേസമയം കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം ശക്തിയാർജ്ജിക്കുന്നു. ഇന്ന് മുതൽ കർഷകർ റിലേ നിരാഹാര സമരം ആരംഭിക്കുകയാണ്. 11 പേർ 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരും. ഡിസംബർ 23ന് റിലേ നിരാഹാരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു നേരത്തെ അന്നമൊഴിവാക്കണമെന്ന് കർഷകർ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
അതിനിടെ വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. പ്രതിഷേധ പരിപാടികളുടെ ലൈവ് ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിന്‍റെ നടപടി എന്നാണ് റിപ്പോർട്ട്. ഏഴ് ലക്ഷത്തിൽ അധികം പേര്‍ ഫോളോ ചെയ്യുന്ന കിസാൻ എക്താ മോർച്ചയുടെ പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിച്ചില്ലെന്നാരോപിച്ചാണ് ഫേസ്ബുക്കിന്‍റെ നടപടി. സംഭവത്തിൽ ഫേസ്ബുക്കിനോട് ഇന്റര്‍നാഷ്ണൽ ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ്) വിശദീകരണം ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=7cHh3a66Hq4