ഡൽഹി:
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതെന്ന് കോടതി പറഞ്ഞു. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല എന്ന് സുപ്രീം കോടതിയും ആവർത്തിച്ചു.
മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങള്‍ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുന്‍വിധിയോടെ ആണ് പ്രവര്‍ത്തിച്ചത് എന്ന് പറയരുത്. ആരോപണങ്ങള്‍ ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ ഉള്ളതാണെന്നും കോടതിയെയും, ജഡ്ജിയെയും അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് സഹായിക്കുക ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി ഒരാഴ്ച്ചത്തെ സമയം അനുവദിച്ചു. വിചാരണ കോടതി ജഡ്ജിക്ക് എതിരെയും, ദിലീപിന് എതിരെയും ഗുരുതരമായ ആരോപണമാണ് ഇന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. രഹസ്യ വിചാരണ നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കേ ഇരയായ നടിയെ ജഡ്ജി 20 ഓളം അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് വിചാരണ നടത്തിയത്.
ജഡ്ജി ഇരയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തി എന്നും ദിലീപ് വിചാരണ വൈകിപ്പിക്കുവാന്‍ ശ്രമിക്കുക യാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. എന്നാൽ ആ വാദങ്ങൾ ഒക്കെ തള്ളിയാണ് സുപ്രീംകോടതിയുടെ വിമർശനം.
https://www.youtube.com/watch?v=VrG-4E2kBII